
മനുഷ്യരുടെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു വെയറബിള്‍ ഉപകരണം പുറത്തിറക്കി സ്റ്റാര്‍ട്ടപ്പ് കമ്പനി. കൃത്രിമ ബുദ്ധി (AI) മേഖലയില്‍ പുതിയ പരീക്ഷണങ്ങളുമായി മുന്നേറുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പ്രോഫറ്റിക് എഐ (Prophetic) ആണ് ഇതിന് പിന്നില്‍. ഡ്യുവല്‍, ഫേസ് എന്ന പേരുകളിലുള്ള ഈ രണ്ട് ഉപകരണങ്ങള്‍, ലൂസിഡ് ഡ്രീമിംഗ് (lucid dreaming) എന്നറിയപ്പെടുന്ന സ്വപ്നാവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കും എന്നാണ് കമ്പനി പറയുന്നത്.
സ്വപ്നം കാണുമ്പോള്‍ തന്നെ അത് സ്വപ്നം ആണെന്ന് തിരിച്ചറിയുകയും അതിനെ നിയന്ത്രിക്കാനും കഴിയുന്ന അവസ്ഥയാണ് ലൂസിഡ് ഡ്രീമിംഗ്. തലയില്‍ ധരിക്കുന്ന ബാന്‍ഡിന്റെ രൂപത്തിലുള്ള ഈ ഉപകരണങ്ങള്‍, നെറ്റിയിലൂടെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സിലേക്ക് (prefrontal corte) അള്‍ട്രാസോണിക് ഊര്‍ജ്ജം അയയ്ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പ്രോഫറ്റിക് എഐ വിശദീകരിക്കുന്നു. സ്വപ്നത്തിനിടെ സാധാരണയായി പ്രവര്‍ത്തനരഹിതമായ ഫ്രന്റോപാരിയറ്റല് നെറ്റ്വര്‍ക്കിനെ (frontoparietal network) സജീവമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഈ നെറ്റ്വര്‍ക്ക് സജീവമായാല്‍ സ്വപ്നാവസ്ഥയില് കൂടുതല്‍ ബോധവും നിയന്ത്രണവും ലഭിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഈ ഉപകരണങ്ങളില്‍ ഇലക്ട്രോഎന്‍സെഫലോഗ്രാം അഥവാ ഇഇജി (electroencephalogram) സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മസ്തിഷ്ക പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ഉറക്കത്തില്‍ കൂടുതല്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനും സഹായിക്കുകയും ചെയ്യും. ട്രാന്‍സ്ക്രാനിയല്‍ ഫോക്കസ്ഡ് അള്‍ട്രാസൗണ്ട് (tFUS) എന്ന സാങ്കേതിക വിദ്യയും എഐയും ചേര്‍ന്നാണ് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതുവഴി സ്വപ്നങ്ങളുടെ വ്യക്തത, ഓര്‍മ്മശക്തി, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ കഴിയും എന്നതാണ് കമ്പനിയുടെ വാദം.
എന്നാല്‍, ഈ സാങ്കേതിക വിദ്യയുടെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച് ഇതുവരെയുള്ള ശാസ്ത്രീയ പഠനങ്ങള്‍ പര്യാപ്തമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഈ ഉപകരണങ്ങള്‍ വിപണിയില്‍ എത്തുന്നതിന് മുമ്പ് കൂടുതല്‍ പഠനങ്ങളും പരീക്ഷണങ്ങളും ആവശ്യമാണ്. പ്രോഫറ്റിക് ഡ്യുവല്‍ എന്ന മോഡല്‍ 449 ഡോളര്‍ (ഏകദേശം 43,000 രൂപ) നിരക്കിലായിരിക്കും ലഭ്യമാവുക. ഇത് ഈ വര്‍ഷാവസാനത്തോടെ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍






