
കൊച്ചി: പ്രണയം നടിച്ച് മധ്യവയ്സ്കയില്നിന്ന് 65 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരേ കേസെടുത്തു. പ്രവാസി വനിതയാണു പരാതിക്കാരി. അഭിഭാഷകന് മുഖേനയാണ് പാലാരിവട്ടം പോലീസിനു ഇവര്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക വഞ്ചനയ്ക്കും ഭീഷണിപ്പെടുത്തിയതിനുമാണു കേസ്. സംഭവസ്ഥലം കോഴിക്കോടായതിനാല്‍ കോഴിക്കോട് പോലീസിനു കേസ് കൈമാറും. മധ്യവയ്സ്കയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
പ്രണയം നടിച്ചു വഞ്ചിച്ചെന്നും പണം തിരിച്ചുചോദിച്ചപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും മധ്യവയ്സ്ക നല്കിയ പരാതിയില്‍ പറയുന്നു. ജിം നവീകരിക്കാനാണ് ഷിയാസിനു വന്‍തുക നല്‍കിയത്. ഇതു തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നഗ്നദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്കു നല്‍കുമെന്നായിരുന്നു ഭീഷണി. ഇതു തന്നെ മാനസികമായി തളര്‍ത്തിയെന്ന് മധ്യവയ്സ്ക പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, വോയിസ് റെക്കോഡുകള്‍ എന്നിവയടക്കമാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
ഷിയാസ് കരീമിനെതിരേ മുമ്പും പീഡനപരാതി ഉയര്‍ന്നിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കാസര്‍ഗോഡ് ചന്തേര പോലീസ് കേസെടുത്തിരുന്നു. ജിം ട്രെയിനറായ സ്ത്രീയായിരുന്നു പരാതിക്കാരി.
11 ലക്ഷത്തിലധികം രൂപ ഷിയാസ് തട്ടിയെടുത്തതായും യുവതി ആരോപിച്ചിരുന്നു. 2021-2023 കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രത്തിനു വിധേയയാക്കിയെന്നും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വച്ച് മര്‍ദിച്ചെന്നും പരാതിയിലുണ്ടായിരുന്നു.
ലൈംഗികാതിക്രമ പരാതി നേരിടുന്ന റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന്റെ ഓഡിയോ ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. ഷിയാസ് പണം ആവശ്യപ്പെടുന്നതും നേരിട്ടു നല്കിയാല് മതിയെന്നു പറയുന്നതും പുറത്തുവന്ന ഓഡിയോയില്‍ കേള്‍ക്കാം. ജിം തുടങ്ങാനാണു പണം ആവശ്യപ്പെടുന്നത്. 65 ലക്ഷം രൂപ ഷിയാസ് കബളിപ്പിച്ചു തട്ടിയെടുത്തെന്നാണു സ്ത്രീയുടെ പരാതി. നഗ്നവീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സ്ത്രീയെ ജീവിതാവസാനം വരെ നോക്കാമെന്നു വാഗ്ദാനം ചെയ്തെന്നും പണം ആവശ്യപ്പെട്ടെന്നും വ്യക്തമായി തെളിയിക്കുന്ന ഓഡിയോ ഷിയാസ് കരീമിനു കുരുക്കാണ്. ജിമ്മിന്റെ പണികള്‍ ആരംഭിച്ചെന്നും സാമ്പത്തികമായി വല്ലാത്ത ഞെരുക്കത്തിലാണെന്നും ഷിയാസ് ഇതില്‍ പറയുന്നുണ്ട്. പല തവണയായി പണം ആവശ്യപ്പെടുന്നതിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ സ്ത്രീയുടെ കൈവശമുണ്ട്. പത്തുലക്ഷം രൂപ ഒരുമിച്ചു നല്കിയാല് ജിമ്മിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ സാധിക്കുമെന്ന് ഷിയാസ് ഇവരെ പറഞ്ഞുവിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇതില്‍ കേള്‍ക്കാം. പത്തുലക്ഷം രൂപ അക്കൗണ്ടില്‍ വേണ്ട, കൈയില്‍ തന്നാല്‍മതിയെന്നും ഷിയാസ് പറയുന്നുണ്ട്.
''അക്കൗണ്ടിലിട്ടാല്‍ ഇന്‍കം ടാക്സിന്റെ ഇഷ്യു വരും. അതുകൊണ്ട് നീ പൈസയായിട്ട് കൈയില്‍ തന്നാല്‍ മതി. അല്ലെങ്കില്‍ത്തന്നെ രണ്ടുവര്‍ഷമായിട്ട് ടാക്സ് അടച്ചിട്ടില്ല. അക്കൗണ്ടിലിട്ടാല്‍ പണി കിട്ടും. ജിം എന്തായാലും സെറ്റാക്കും. ഇരുപതു ലക്ഷത്തിനു തീര്‍ക്കണമെന്നാണ് എന്റെ മനസ് പറയുന്നത്. പൈസ എന്തെങ്കിലും കൂടുതല്‍ വേണമെങ്കില്‍ നീ തരണം. കുറച്ചു ടൈറ്റ് വരുമായിരിക്കും. റെഡിയാക്കിയെടുക്കാം എന്തായാലും. സ്പ്രേ പെയിന്റൊക്കെ ചെയ്യണം.'' ശബ്ദസന്ദേശങ്ങളില് പറയുന്നു. ഒരുദിവസം ഒരുലക്ഷം പിന്‍വലിക്കാന്‍ പറ്റുമോയെന്ന് മറ്റൊരു ഓഡിയോയില്‍ ചോദിക്കുന്നുമുണ്ട്.
''ആ പേഴ്സണല്‍ ലോണ്‍ ഒന്നു ക്ലോസ് ചെയ്യണം. അത് അഞ്ചുലക്ഷത്തിലേറെയുണ്ട്. നല്ല സമയത്തും ചീത്ത സമയത്തും കൂടെയുണ്ടായാല്‍ മതി. സപ്പോര്‍ട്ടായിട്ട് തണലായിട്ടും. അതിനിടെ എന്തുനടന്നാലും നമുക്കു ബോണസാണ്. എനിക്ക് ഒരു കുഴപ്പമില്ല. നീ എന്റെ മരണംവരെ കൂടെയുണ്ടാകണം. ഞാന്‍ ഫസ്റ്റ് മരിക്കുകയാണെങ്കില്‍ നീയുണ്ടാകണം ഖബറില്‍ മണ്ണിടാനായിട്ട്. നീയാണു മരിക്കുന്നതെങ്കില്‍ ഞാനുണ്ടാകും.'' ഇങ്ങനെയാണ് ഒരു വാട്സാപ്പ് സന്ദേശം. പണമിടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിനു കൈമാറി.






