
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വെർച്വൽ നടപടികൾക്കിടെ അശ്ലീല ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് കോടതി നടപടികൾ നിർത്തിവെച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് കോടതിയെ നടുക്കിയ സംഭവം ഉണ്ടായത്.
സംഭവത്തെത്തുടർന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ വീഡിയോ കോൺഫറൻസിംഗ് സെഷൻ ഉടനടി റദ്ദാക്കി. ഹാക്കർ അക്കൗണ്ടിൽ നിന്ന് ഇംഗ്ളീഷിൽ "നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു" എന്ന ശബ്ദസന്ദേശവും ആവർത്തിച്ച് കേൾക്കാമായിരുന്നു. ഉടൻ വീഡിയോ കോൺഫറൻസിംഗ് നിർത്തിവെച്ചു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, ഉച്ചയ്ക്ക് 12:56-ഓടെയാണ് ലൈവ് ഹിയറിംഗിനിടെ അശ്ലീല ദൃശ്യങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
കോടതി ജീവനക്കാർ ഉടൻ തന്നെ വീഡിയോ കോൺഫറൻസിംഗ് സിസ്റ്റം ഓഫാക്കി. എന്നാൽ മിനിറ്റുകൾക്ക് ശേഷം സെഷൻ പുനരാരംഭിച്ചപ്പോൾ പ്രശ്നം വീണ്ടും ആവർത്തിച്ചു. "ഷജിത് സിംഗ്" എന്ന പേരിൽ ലോഗിൻ ചെയ്ത ഒരാൾ വീണ്ടും തടസ്സമുണ്ടാക്കിയതിനെത്തുടർന്ന് അധികൃതർക്ക് നടപടികൾ വീണ്ടും നിർത്തിവെക്കേണ്ടി വന്നു.
സംവിധാനം വീണ്ടും സാധാരണ നിലയിലാക്കാൻ ശ്രമിച്ചെങ്കിലും മൂന്നാം തവണയും ഇതേ പ്രശ്നം ആവർത്തിച്ചതോടെ വെർച്വൽ ഹിയറിംഗ് പൂർണ്ണമായും റദ്ദാക്കി. നൂറോളം കേസുകൾ തടസ്സപ്പെട്ടു. ബുധനാഴ്ച പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുന്ന ദിവസമായതിനാൽ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ നൂറോളം കേസുകളാണ് ലിസ്റ്റ് ചെയ്തിരുന്നത്. തുടർച്ചയായുണ്ടായ തടസ്സങ്ങൾ അഭിഭാഷകർക്കും കക്ഷികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.
സംഭവത്തെ ഗൗരവമായി കണ്ട ഹൈക്കോടതി ഭരണവിഭാഗം ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിൽ അറിയിപ്പ് നൽകി. ഇത് ഒരു സൈബർ ആക്രമണമാണോ അതോ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോം ആരെങ്കിലും മനഃപൂർവ്വം ദുരുപയോഗം ചെയ്തതാണോ എന്ന് കണ്ടെത്താൻ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.






