
ചെന്നൈ: നടന് വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പുതുമുഖ പാര്ട്ടിയായ തമിഴക വെട്രി കഴകം ഒരു കിംഗ് മേക്കറായേക്കാം എന്നതിനെക്കുറിച്ചും വലിയ ചര്ച്ചകള് നടന്നിരുന്നു. എന്നാല്, നിലവിലെ പ്രവചനങ്ങള് പ്രകാരം ഈ രണ്ടുവര്ഷം മാത്രം പ്രായമുള്ള പാര്ട്ടി സംസ്ഥാനത്തെ 234 സീറ്റുകളില് 98 മുതല് 120 സീറ്റുകള് വരെ നേടിയേക്കാം.
അന്പത് വര്ഷത്തിലേറെയായി ഡിഎംകെയും എഐഡിഎംകെയും മാറിമാറി ഭരിക്കുന്ന തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ കോട്ടകളില് 'വിജയ് ഇഫക്റ്റ്' ഉണ്ടാകുമെന്നും മാറ്റത്തിന്റെ കാറ്റ് വീശിയേക്കാമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് പ്രവചിച്ചത്.. തമിഴ്നാട്ടില് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റുകളാണ് എന്നിരിക്കെ നടന് വിജയിയുടെ പുതിയ പാര്ട്ടിയായ തമിഴക വെട്രി കഴകം കന്നി പോരാട്ടത്തില് തന്നെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില് വിസ്മയം സൃഷ്ടിക്കുമെന്ന് എക്സിറ്റ്പോള് ഫലങ്ങള് പറയുന്നു.
98 മുതല് 120 സീറ്റുകള് വരെ നേടി വന് മുന്നേറ്റം നടത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് പ്രവചിക്കുന്നു. മിക്ക സര്വേ ഫലങ്ങളില് നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രവചനമാണിത്. 98 സീറ്റുകള് നേടിയാല് പോലും, അത് ടി.വി.കെയ്ക്ക് അസാധാരണമായ നേട്ടമായിരിക്കും. ഇത് തമിഴ് രാഷ്ട്രീയത്തെ പുതിയൊരു യുഗത്തിലേക്ക് നയിക്കുമെന്നും റിപ്പോര്ട്ട് സൂചിപ്പിക്കുന്നു. ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെ-കോണ്ഗ്രസ് സഖ്യത്തിന് രണ്ടാമതൊരു ഊഴമാണ് പ്രവചിച്ചിരിക്കുന്നത്.
ടിവികെയുടെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം 51-കാരനായ ഈ നടന്-രാഷ്ട്രീയപ്രവര്ത്തകനെ മുഖ്യമന്ത്രിയായി കാണാനുള്ള ജനങ്ങളുടെ ആഗ്രഹമാണെന്ന് ആക്സിസ് മൈ ഇന്ത്യ വാദിക്കുന്നു. അവരുടെ കണക്കുകള് പ്രകാരം 37 ശതമാനം പേരുടെ പിന്തുണയോടെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്ത്ഥി വിജയ് ആണ്. രണ്ടാം ഊഴം പ്രതീക്ഷിക്കുന്ന ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ 35 ശതമാനം പേരും, മുന് മുഖ്യമന്ത്രി ഇ. പളനിസ്വാമിയെ 22 ശതമാനം പേരും പിന്തുണയ്ക്കുന്നു.
ഡിഎംകെ-കോണ്ഗ്രസ് സഖ്യത്തിന് രണ്ടാമതൊരു ഊഴം പ്രവചിച്ച മറ്റ് സര്വേ ഏജന്സികളില് നിന്ന് തികച്ചും വ്യത്യസ്തമായ ഒരു നിഗമനമാണിത്. ഏകദേശം 45,000 ആളുകളില് നിന്ന് ശേഖരിച്ച വിവരങ്ങള് അടിസ്ഥാനമാക്കിയുള്ള ആക്സിസ് മൈ ഇന്ത്യയുടെ കണക്കുകള് പ്രകാരം, കന്നി വോട്ടര്മാരുടെ വലിയൊരു ശതമാനം വോട്ടുകള് ടിവികെ സ്വന്തമാക്കിയിട്ടുണ്ട്. അവരില് 68 ശതമാനം പേരും വിജയിയുടെ പാര്ട്ടിക്കാണ് വോട്ട് ചെയ്തത്. കൂടാതെ, 20-29 വയസ്സിനിടയിലുള്ളവരില് 59 ശതമാനം പേരും 30-39 വയസ്സിനിടയിലുള്ളവരില് 45 ശതമാനം പേരും ഈ പുതിയ പാര്ട്ടിയെ പിന്തുണച്ചു. ഈ തിരഞ്ഞെടുപ്പില് മാറ്റം ആഗ്രഹിച്ച 35 ശതമാനം ആളുകളില് 77 ശതമാനം പേരും ടിവികെയ്ക്ക് വലിയ അംഗീകാരമാണ് നല്കിയത്.
വെള്ളിത്തിരയിലെ നായകര് ജനനായകന്മാരായി മാറുകയും സംസ്ഥാനത്തിന്റെ അമരത്തെത്തുകയും ചെയ്യുന്ന ചരിത്രമുള്ള സംസ്ഥാനമാണ് തമിഴ്നാട്. എം.ജി. രാമചന്ദ്രന്, അദ്ദേഹത്തിന്റെ ഭാര്യ ജാനകി രാമചന്ദ്രന്, ജെ. ജയലളിത എന്നിവര് ഉദാഹരണങ്ങളാണ്. ആശയപരമായി തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ ഒരു ത്രികോണ മത്സരമാക്കി മാറ്റുന്നതില് വിജയ് വിജയിച്ചിട്ടുണ്ട്. ടിവികെ എന്ഡിഎ സഖ്യത്തില് ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങള് നിലനിന്നിരുന്നപ്പോഴും തന്റെ നിലപാടില് മാറ്റമില്ലെന്ന് വിജയ് വ്യക്തമാക്കിയിരുന്നു.







Comments