
ചെന്നൈ: ഒരാള്‍ക്ക് പ്രത്യേകിച്ച് 'ജാതിയില്ല, മതമില്ല' എന്ന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, ഇത്തരം മാനുഷിക തത്വങ്ങള്‍ ഒരാളുടെ പ്രവൃത്തിയിലൂടെ ആണ് പ്രതിഫലിക്കേണ്ടതെന്നും തമിഴ്നടന്‍ പാര്‍ത്ഥിപനോട് മദ്രാസ് ഹൈക്കോടതി. നടന് ആര്. പാര്ത്ഥിപന് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജസ്റ്റിസ് എം. ദണ്ഡപാണിയുടെ പരാമര്‍ശം.
ജാതി-മത-ഭാഷാപരമായ വിഭജനങ്ങള്‍ 'ദേശീയ ഐക്യത്തിന് ഹാനികരമാണ്' എന്ന് ചൂണ്ടിക്കാട്ടി 'ജാതിയില്ല മതമില്ല' സര്‍ട്ടിഫിക്കറ്റിനായി പാര്ത്ഥിപന് ആദ്യം ഷോളിംഗനല്ലൂര്‍ തഹസില്‍ദാരെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷയില്‍ ഉത്തരവൊന്നും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വിചാരണയില്‍, ഒരാഴ്ചയ്ക്കകം നടന് സര്‍ട്ടിഫിക്കറ്റ് നല്കാന് ജഡ്ജി തഹസില്‍ദാരോട് ഉത്തരവിട്ടു. ഏപ്രില്‍ 27-ന് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതിനെത്തുടര്‍ന്ന് കേസ് ഇന്ന് (ഏപ്രില്‍ 29) വീണ്ടും പരിഗണനയ്ക്കെടുത്തു.
ഇന്ന് കോടതിയില്‍ നേരിട്ടെത്തിയ നടന് പാര്ത്ഥിപന് ജഡ്ജിക്ക് നന്ദി അറിയിച്ചു. ഇതിന് മറുപടിയായാണ് ജഡ്ജി ഇങ്ങനെ പറഞ്ഞത്: 'ഒരാള്‍ക്ക് ജാതിയോ മതമോ ഇല്ലെന്ന് തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യമില്ല. അത്തരമൊരു സര്‍ട്ടിഫിക്കറ്റ് നല്കാന് തഹസില്‍ദാര്‍ക്ക് അധികാരവുമില്ല. ഒരു ഡിവിഷന് ബെഞ്ചിന്റെ മുന്‍ ഉത്തരവ് പരിഗണിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്കാന് ഞാന്‍ നിര്‍ദ്ദേശിച്ചത്.'
ജാതിക്കും മതത്തിനും അതീതമായിരിക്കുക എന്നത് വ്യക്തിപരമായ ഒരു ശീലമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിന് ഔദ്യോഗിക സാക്ഷ്യപ്പെടുത്തലോ സ്വയം പ്രഖ്യാപനമോ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കൂടാതെ, ഈ സര്‍ട്ടിഫിക്കറ്റ് ഒരുപക്ഷേ പ്രശസ്തിക്ക് വേണ്ടി സഹായിച്ചേക്കാം എന്നല്ലാതെ മറ്റൊന്നുമല്ല. യഥാര്‍ത്ഥത്തില്‍, ജാതിയും മതവുമില്ലാത്ത അവസ്ഥ നാം സ്വയം പരിശീലിക്കേണ്ട ഒന്നാണ്; അതിന് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമല്ല. തനിക്ക് ജാതിയോ മതമോ ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കേണ്ട കാര്യവുമില്ല,' അദ്ദേഹം അഭിപ്രായപ്പെട്ടു.






