
ന്യൂഡൽഹി: ബലാത്സംഗം മൂലം ഗർഭിണികളാകുന്നവർക്ക് ഗർഭച്ഛിദ്രം നടത്താൻ സമയപരിധി നിശ്ചയിക്കരുതെന്ന് സുപ്രീംകോടതി. വിവാഹേതര പീഡനത്തിനിരയായ 15 വയസ്സുകാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. ചീഫ് ജസ്റ്റിസുമാരായ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബലാത്സംഗത്തെത്തുടർന്നുണ്ടാകുന്ന അനാവശ്യ ഗർഭധാരണങ്ങൾ 20 ആഴ്ച പിന്നിട്ടാലും അലസിപ്പിക്കാൻ അനുവദിക്കുന്ന രീതിയിൽ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കാലത്തിനനുസരിച്ച് നിയമങ്ങൾ മാറണമെന്നും കോടതി നിരീക്ഷിച്ചു.
ഇതൊരു ബാലപീഡന കേസാണ്. ഗർഭച്ഛിദ്രം അനുവദിച്ചില്ലെങ്കിൽ ആ കുട്ടിക്ക് അത് ജീവിതകാലം മുഴുവൻ നീറിനിൽക്കുന്ന മുറിപ്പാടും ആഘാതവുമായി മാറും. അവൾ ഇപ്പോൾ പഠിക്കേണ്ട പ്രായത്തിലാണ്, എന്നാൽ നമ്മൾ അവളെ ഒരു അമ്മയാക്കാൻ നിർബന്ധിക്കുന്നു. അവൾ അനുഭവിക്കുന്ന വേദനയും അപമാനവും സങ്കൽപ്പിച്ചു നോക്കൂ എന്നും കോടതി പറഞ്ഞു.
നിലവിൽ ഗർഭച്ഛിദ്രം സാധ്യമല്ല എന്ന് കേസിൽ എയിംസിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചിരുന്നു. ഗർഭച്ഛിദ്രം നടത്തിയാൽ അത് ഗുരുതരമായ വൈകല്യങ്ങളുള്ള കുഞ്ഞിന്റെ ജനനത്തിന് കാരണമാകും. നടപടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഐശ്വര്യ ഭാട്ടി ചൂണ്ടിക്കാട്ടി.
അതേസയം, ഗർഭം അവസാനിപ്പിക്കണമോ വേണ്ടയോ എന്നത് അതിജീവിതയുടെയും മാതാപിതാക്കളുടെയും തീരുമാനമായിരിക്കണം. അനാവശ്യമായ ഒരു ഗർഭം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു. ശരിയായ തീരുമാനമെടുക്കാൻ മാതാപിതാക്കളെ സഹായിക്കണമെന്ന് കോടതി എയിംസിനോട് നിർദ്ദേശിച്ചു.
ഏപ്രിൽ 24-ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് പെൺകുട്ടിക്ക് ഗർഭച്ഛിദ്രത്തിന് ആദ്യം അനുമതി നൽകിയത്. ഇതിനെതിരെ എയിംസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്.






