
വാട്ടർഫോർഡ്: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും ചെയ്ത യുഎസ് അധ്യാപികയ്ക്ക് കോടതി ശിക്ഷ വിധിച്ചു. 15 വർഷം വരെ കഠിന തടവാണ് 27 കാരിയായ അധ്യാപികയ്ക്ക് ലഭിച്ച ശിക്ഷ.
മിഷിഗണിലെ പോണ്ടിയാക് സ്വദേശിയായ ജോസെലിൻ സൻറോമാൻ (27) എന്ന യുവതിയെയാണ് നാല് മുതൽ 15 വർഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ചത്. വാട്ടർഫോർഡ് ടൗൺഷിപ്പിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായിരുന്നു സൻറോമാൻ. 2023 ൽ ആണ് ഈ നിയമവിരുദ്ധമായ ബന്ധം നടന്നത്.
സഹപ്രവർത്തകയോട് സൻറോമാൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അവർ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് അറസ്റ്റ് നടക്കുകയുമായിരുന്നു. കേസ് പരിഗണിച്ച ജഡ്ജി അധ്യാപികയുടെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ചു. സ്വന്തം വീട്ടിൽ വെച്ച് ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ ദുരുപയോഗം ചെയ്യുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തത് അറപ്പുളവാക്കുന്ന കാര്യമാണെന്ന് ജഡ്ജി നിരീക്ഷിച്ചു.
ഇത് തികച്ചും അപകടകരമായ പെരുമാറ്റമാണ്. ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ ചൂഷണം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെക്കുറിച്ച് എന്ത് പറയാനുണ്ട് എന്ന് ജഡ്ജി ചോദിച്ചപ്പോൾ, "എന്റെ ചിന്താഗതി ശരിയായിരുന്നില്ല" എന്നായിരുന്നു സൻറോമാന്റെ മറുപടി
അധ്യാപികയ്ക്ക് പരിഗണിക്കപ്പെടാതെ പോയ ചില മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതാണ് ഇത്തരമൊരു തെറ്റായ തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്നും സൻറോമാന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തന്റെ തെറ്റ് അവർ തിരിച്ചറിയുന്നുണ്ടെന്നും മെച്ചപ്പെട്ട വ്യക്തിയാകാൻ ശ്രമിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
അധ്യാപകർക്ക് മാതാപിതാക്കളും സമൂഹവും നൽകുന്ന വിശ്വാസത്തെ തകർക്കുന്ന പ്രവൃത്തിയാണിതെന്ന് ഓക്ലാൻഡ് കൗണ്ടി പ്രോസിക്യൂട്ടർ കാരെൻ മക്ഡൊണാൾഡ് പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കാൻ മുൻകൈയെടുത്ത സഹപ്രവർത്തകയെ അവർ അഭിനന്ദിച്ചു.
ഈ സംഭവത്തിന് ശേഷം തന്റെ മകൻ ആളുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നുണ്ടെന്നും വളരെയധികം മാനസിക പ്രയാസത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇരയായ കുട്ടിയുടെ മാതാവ് കോടതിയിൽ ബോധിപ്പിച്ചു.






