
കൊച്ചി: പൊതു പ്രവര്ത്തകന് ഡിജോ കാപ്പന് (68) അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഉപഭോക്തൃ-കർഷക അവകാശങ്ങൾക്കായി നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം.
കെഎസ്സിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ഡിജോ കാപ്പന് 1998ല്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതി ഇടപെടലുകൾ സാധ്യമാക്കിയതിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ട് 1988-ൽ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷൻ വഴി നിരവധി ചരിത്രപരമായ നിയമപോരാട്ടങ്ങൾ നടത്തി.
മാധ്യമ സ്ഥാപനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. വൈദ്യുതി നിരക്ക് വർധന, റെയിൽവേ നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ ജനപക്ഷത്തുനിന്ന് അദ്ദേഹം കോടതിയെ സമീപിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ഉയർത്തുന്ന ഭീഷണികൾ, കൊച്ചി നഗരത്തിലെ മാലിന്യനീക്കം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ നിർണ്ണായകമായിരുന്നു.






