
ഒരു ഓട്ടോ യാത്രയ്ക്കിടെ പെയ്ത കനത്ത മഴയില്‍ തണുത്തുവിറച്ച ഡ്രൈവര്‍ക്ക്, തന്റെ പക്കലുണ്ടായിരുന്ന ഒരു പുത്തന്‍ ടിഷര്‍ട്ട് സമ്മാനമായി നല്കി മാതൃകയാവുകയാണ് പ്രിയങ്ക എന്ന യുവതി. ബെംഗളൂരുവിലെ ജെ.പി നഗറില്‍ നിന്നും കോറമംഗലയിലേക്കുള്ള യാത്രയ്ക്കിടെയാണ് ലിംഗഭേദമില്ലാതെ മനുഷ്യത്വം വിളിച്ചോതുന്ന ഈ മനോഹര നിമിഷം അരങ്ങേറിയത്.
യാത്രയ്ക്കിടെ പെയ്ത ശക്തമായ മഴയില്‍ ഓട്ടോയ്ക്കുള്ളിലേക്ക് വെള്ളം അടിച്ചുകയറി ഇരുവരും നനഞ്ഞു കുതിര്‍ന്നിരുന്നു. താന്‍ നനയുന്നതിനേക്കാള്‍, യാത്രക്കാരി നനയുന്നതിലായിരുന്നു ആ ഡ്രൈവര്‍ക്ക് വിഷമം. എന്നാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് വസ്ത്രം മാറാം എന്നും, പക്ഷേ ആ പാവം മനുഷ്യന് ഈ നനഞ്ഞ വസ്ത്രത്തില്‍ ജോലി തുടരേണ്ടി വരുമല്ലോ എന്നതുമാണ് പ്രിയങ്കയെ ചിന്തിപ്പിച്ചത്. വീട്ടിലെത്തിയ ഉടന്‍ പ്രിയങ്ക അകത്തുപോയി ഒരു പുത്തന്‍ ടിഷര്‍ട്ടുമായി വന്ന് ഡ്രൈവര്‍ക്ക് സമ്മാനിച്ചു. അപ്രതീക്ഷിതമായ ആ ചെറിയ സമ്മാനം അദ്ദേഹത്തിന്റെ മുഖത്ത് വലിയൊരു പുഞ്ചിരിയാണ് പടര്‍ത്തിയത്. ആ യാത്രയും ആര്‍ദ്രമായ ആ നിമിഷവും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുകയും അവരെ സഹായിക്കാന്‍ മനസ് കാണിക്കുകയും ചെയ്യുന്നതിലാണ് യഥാര്‍ത്ഥ മനുഷ്യത്വം ഇരിക്കുന്നതെന്ന് പ്രിയങ്ക തന്റെ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
അരലക്ഷത്തോളം ലൈക്കുകള്‍ ലഭിച്ച വീഡിയോയ്ക്ക് താഴെ പ്രിയങ്കയുടെ ദയയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മറ്റുള്ളവരുടെ അഭിനന്ദനത്തിന് വേണ്ടിയല്ല, മറിച്ച് ചെറിയ സഹായങ്ങള്‍ നല്കുന്ന സന്തോഷം പങ്കുവെക്കാനാണ് വീഡിയോ ഇട്ടതെന്ന് അവര്‍ വ്യക്തമാക്കി. സഹജീവികളോടുള്ള കരുണ യും സ്നേഹവും ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമായി ഈ സംഭവം മാറി.






