
ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ കടൽക്കൊള്ളക്കാരെപ്പോലെ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ വിവാദപരമായ പരാമർശം നടത്തിയത്.
ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം തുടരുന്നതിനിടയിൽ കപ്പലുകൾ പിടിച്ചെടുക്കുന്ന രീതിയെക്കുറിച്ച് ട്രംപ് റാലിയിൽ വിശദീകരിച്ചു. "ഞങ്ങൾ കപ്പലിന് മുകളിൽ ഇറങ്ങി അത് കൈക്കലാക്കുന്നു. കപ്പലും അതിലെ ചരക്കും എണ്ണയും ഞങ്ങൾ ഏറ്റെടുത്തു. ഇതൊരു വലിയ ലാഭകരമായ ബിസിനസ്സാണ്," ട്രംപ് പറഞ്ഞു. തങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണെന്നും എന്നാൽ തമാശ കളിക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനിയൻ എണ്ണ കൊണ്ടുപോയ രണ്ട് ടാങ്കറുകൾ അമേരിക്കൻ സേന തടഞ്ഞതിന് പിന്നാലെ ഇറാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമലംഘനം: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഇത് സമുദ്രത്തിലെ "സായുധ കവർച്ച"യാണെന്നും ഇറാൻ ആരോപിച്ചു. ലോകം കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഘായ് പറഞ്ഞു. നിയമവിരുദ്ധമായ നടപടികളെ യുഎസ് നിയമപരമായ ന്യായീകരണങ്ങൾ നൽകി മറയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






