
യുഎഇയില്‍ വിമാന ടിക്കറ്റ് നിരക്കുകളിൽ വലിയ മാറ്റമുണ്ടാകുമെന്ന് ട്രാവൽ ഏജൻസികൾ . തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ വിമാനക്കമ്പനികളുടെ വെബ്സൈറ്റുകളിൽ പ്രതിഫലിച്ചു തുടങ്ങും. ഫെബ്രുവരി 28 മുതൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിമാനങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിക്കുന്നതാണ് വില കുറയാൻ പ്രധാന കാരണം.
ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദിവസേന 40 സർവീസുകൾ നടത്തിയിരുന്ന ഇൻഡിഗോ നിലവിൽ അതിന്റെ പകുതിയിൽ താഴെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. ഇവ പൂർണ ശേഷിയിൽ പ്രവർത്തനം തുടങ്ങുന്നതോടെ നിരക്ക് പകുതിയോളമായി കുറഞ്ഞേക്കും.
ഇന്ത്യയിലേക്കുള്ള വൺവേ ടിക്കറ്റിന് ഏപ്രിൽ ആദ്യം 1800 മുതൽ 2000 ദിർഹം വരെയായിരുന്നു ശരാശരി നിരക്ക്. ഇത് കഴിഞ്ഞ വർഷത്തെ വേനൽക്കാല നിരക്കുകളിലേക്ക് താഴുമെന്നാണ് പ്രതീക്ഷ.






