
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഞെട്ടിച്ചത് പയ്യന്നൂര്‍ മണ്ഡലം. ഇവിടെ മത്സരിച്ച മുന്‍ സിപിഐഎം ജില്ലാക്കമ്മറ്റിയംഗം വി. കുഞ്ഞികൃഷ്ണന് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ടി.ഐ. മധുസൂദനനെ 7487 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് എതിരേ അഴിമതിയാരോപണം ഉന്നയിച്ചായിരുന്നു ജില്ലാക്കമ്മറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന് പുറത്തുവന്നത്. ഇദ്ദേഹത്തെ യുഡിഎഫ് പിന്തുണച്ചു. പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് നടത്തിയ ആക്ഷേപം വോട്ടര്‍മാര്‍ ഏറ്റെടുത്തെന്ന് വ്യക്തമാക്കുന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്. താന്‍ പോരാട്ടത്തിന്റെ ഭാഗമായി മത്സരരംഗത്തേക്ക് വന്നതാണെന്നും അതിന് ജനങ്ങള്‍ വലിയ സ്വീകാര്യത നല്‍കിയെന്നും പറഞ്ഞു. പോളിംഗ് കഴിഞ്ഞപ്പോള്‍ വലിയ ജയപ്രതീക്ഷയാണ് ഉണ്ടായത്.
താന്‍ തന്റെ പുസ്തകത്തിന് നല്കിയ പേര് 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്നായിരുന്നു. തന്റേത് കൂട്ടായ്മയുടെ വിജയമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അപചയം ഇല്ലായ്മ ചെയ്യണമെന്നാണ് താന്‍ പറഞ്ഞത്. കേരളത്തിലെ സിപിഐഎം നേതൃത്വം തിരുത്തേണ്ട കാര്യം തിരുത്തണമെന്നും വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.






