
കുടുംബ ബന്ധങ്ങളെയും ദാമ്പത്യത്തെയും വെറും തമാശയായി കരുതുന്ന അസംഖ്യം ബോളിവുഡ് ദമ്പതികള്‍ക്കിടയില്‍ തങ്ങള്‍ എങ്ങിനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന അജയ് ദേവ് ഗണും നടി കാജലും കാട്ടിത്തരുന്നത് ഇങ്ങിനെയാണ്. സിനിമയേക്കാള്‍ കുടുംബത്തിനും മക്കള്‍ക്കും പ്രാധാന്യം നല്കുന്ന അവര്‍ ഇന്നലെ ആഘോഷിച്ചത് പതിനെട്ടാം വിവാഹവാര്‍ഷികം.
തൊണ്ണൂറുകളില്‍ സിനിമയില്‍ കാട്ടിയിരുന്ന അതേ രസതന്ത്രത്തില്‍ തന്നെയാണ് തിരക്കുപിടിച്ച സിനിമാ ജീവിതത്തിനിടയില്‍ 14 കാരി ന്യാസയുടേയും ആറു വയസ്സുകാരന് യുഗിന്റെയും മാതാപിതാക്കള്‍ കാണിക്കുന്നത്. പതിനെട്ടു വര്‍ഷത്തിന് ശേഷവും ഇരുവരുടെയും പ്രണയം അനസ്യൂതമായി ഒഴുകുകയാണ്. തന്റെ ജീവിത നായകന് അജയ്ദേവ് ഗണിനൊപ്പമുള്ള സെല്‍ഫി സാമൂഹ്യമാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്താണ് വിവാഹ വാര്‍ഷികം ആരാധകരുമായി കാജല്‍ ഇന്നലെ പങ്കുവെച്ചത്.
1999 ഫെബ്രുവരി 24 നായിരുന്നു കാജലും അജയ്ദേവ് ഗണും വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്തിടെ കരണ്‍ജോഹറിന്റെ ഏ ദില്‍ ഹൈ മുശ്കിലും അജയ് ദേവ് ഗണിന്റെ ശിവായ് യും തമ്മിലുള്ള വിവാദത്തില്‍ കാജല്‍ ഭര്‍ത്താവിനൊപ്പം നിന്നിരുന്നു. കരണ്‍ജോഹറിന്റെ ദീര്‍ഘകാല സുഹൃത്ത് കൂടിയായ കാജലിന്റെ നിലപാട് അന്ന് ഏവരും ശ്രദ്ധിച്ചിരുന്നു.






