
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയത്തിനു കാരണമായ പാര്‍ട്ടിയിലെ വോട്ട് ചോര്‍ച്ച അന്വേഷിക്കാന്‍ സി.പി.എം. പാര്‍ട്ടി നേതൃത്വത്തിന് കണക്കുകൂട്ടാന്‍ കഴിയാതിരുന്ന അടിയൊഴുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കീഴ്ഘടകങ്ങള്‍ പരാജയപ്പെട്ടെന്നാണു വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ജില്ലാ ഘടകങ്ങള്‍ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്കി.
ഒരാഴ്ചയ്ക്കകം14 ജില്ലകളിലെയും മണ്ഡലങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തും. ഒരു ജില്ലാ കമ്മിറ്റി അംഗവും ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗവും ഒരു സംസ്ഥാന കമ്മിറ്റി അംഗവും ഉള്‍പ്പെടുന്നതായിരിക്കും കമ്മിഷന്.
140 മണ്ഡലങ്ങളിലെയും ബൂത്ത് തലത്തിലുള്ള കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. അതിനകം മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കും.
അന്വേഷണത്തിന്റെ ഭാഗമായി മണ്ഡലം സെക്രട്ടറിമാരും ബൂത്ത് സെക്രട്ടറിമാരും ജില്ലാ സെന്ററുകളിലെ കമ്മിഷന് സിറ്റിങ് കേന്ദ്രങ്ങളില്‍ ഹാജരാകണം. വിജയസാധ്യത കണക്കാക്കുന്നതില്‍ ഘടകങ്ങള്‍ വീഴ്ച വരുത്തുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയുണ്ടാവും. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ പോലും കൃത്യമായ കണക്കുകളല്ല പാര്‍ട്ടിക്ക് ലഭിച്ചത്.
ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയപ്പോള്‍ ധര്‍മടത്ത് പിണറായി വിജയനുണ്ടായ തിരിച്ചടി അപ്രതീക്ഷിതവും നേതൃത്വത്തെ ഞെട്ടിച്ചതുമാണ്. ഘടകകക്ഷികളെ ജയിപ്പിക്കുന്നതില്‍ വരുത്തിയ വീഴ്ചയും പരിശോധിക്കും. വിമതരുടെ വിജയവും മന്ത്രിമാരുടെ തോല്‍വിയും പി. രാജീവ് ഉള്‍പ്പെടെ പല കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും പരാജയവും കമ്മിഷന് വിലയിരുത്തും. ജയിച്ച മന്ത്രിമാരില്‍ കഷ്ടിച്ചു കടന്നുകൂടിയവരുടെ കാര്യത്തിലും വോട്ട് ചോര്‍ച്ച തന്നെയാണ് സംശയിക്കുന്നത്.
ബി.ജെ.പി. പിടിച്ചെടുത്ത മൂന്നു മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റുകളാണെന്നത് വോട്ടു ചോര്‍ച്ച എത്രത്തോളം ഗുരുതരമെന്നു വ്യക്തമാക്കുന്നു. അതേസമയം തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് വിവാദം പോലുള്ള സംഭവങ്ങള്‍ അവിടെ പാര്‍ട്ടിക്ക് തിരിച്ചടിയായില്ലെന്നും നിരീക്ഷണമുണ്ട്. 18 മാസം കഴിഞ്ഞു വരുന്ന സംഘടനാ സമ്മേളനങ്ങളില്‍ ഏരിയ-ജില്ലാതലത്തില്‍ രൂക്ഷമായ വിഭാഗീയത മുന്‍കൂട്ടി കണ്ട് വോട്ടുചോര്‍ച്ചയില്‍ കുറ്റക്കാരായവര്‍ക്കെതിരേ അതിനു മുന്‍പ് നടപടയുണ്ടാകും എന്നാണ് സൂചന.






