
തിരുവനന്തപുരം: ഇടതുപക്ഷത്തിനെതിരെ നേടിയ ആധികാരിക ജയം യുഡിഎഫിന് തലവേദനയാകുന്നു. കോൺഗ്രസിലെ മൂന്ന് മുമ്പൻമാരിൽ ആർക്കായിരിക്കും മുഖ്യമന്ത്രിക്കസേര ലഭിക്കുക എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. വിഡി സതീശനും കെസി വേണുഗോപാലും തമ്മിലാണ് പ്രധാന മത്സരം. ഇവർക്കൊപ്പം സാധ്യത കൽപ്പിക്കുന്ന രമേശ് ചെന്നിത്തലയുടെ പേര് പൊതു ഇടങ്ങളിൽ കൂടുതലായി ചർച്ച ചെയ്യപ്പെടുന്നില്ല.
വേണുഗോപാലിനും സതീശനും വേണ്ടിയുള്ള ഫ്ലക്സ് യുദ്ധങ്ങളും സാമൂഹിക മാധ്യമ പോസ്റ്റുകളും അരങ്ങ് തകർക്കുകയാണ്. പൊതുജനങ്ങളും അണികളും തങ്ങൾക്കൊപ്പ മാണ് എന്ന് ധാരണയുളവാക്കാൻ സതീശൻ പക്ഷത്തിനു സാധിച്ചു. 2021-ലെ തെരഞ്ഞെടുപ്പിൽ സംഘടയ്ക്ക് ഏറ്റ പരാജയത്തെ വിജയമാക്കി മാറ്റുന്ന തിനും സതീശന്റെ നേതൃത്വം സഹായിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പക്വതയുള്ള പ്രവർത്തനം കാഴ്ച വച്ചതും സാമുദായിക സംഘടനക ളുമായി കുഴപ്പമില്ലാത്ത ബന്ധം പുലർത്താൻ സാധിച്ചതും സതീശന്റെ പ്ലസ് പോയന്റുകളായാണ് അണികൾ ഉയർത്തിക്കാട്ടുന്നത്. എന്നാൽ, എൻ എസ്എസുമായുള്ള ബന്ധം ഊഷ്മളമാക്കാൻ സതീശനു കഴിഞ്ഞില്ല.
യുഡിഎഫിലെ പ്രധാന ഘടകക്ഷിയായ മുസ്ലീം ലീഗ് സതീശന് പിന്നിൽ ഉറച്ചു നിൽക്കുന്നതും സതീശൻ പക്ഷത്തിനു പ്രത്യാശ നൽകുന്നു. ഹൈക്കമാൻഡിനും ലീഗിനെ പൂർണമായും തഴയാൻ സാധിക്കാത്ത സാഹചര്യമാണ്. രാഹുലിനും പ്രിയങ്കയ്ക്കും സുരക്ഷിത മണ്ഡലങ്ങൾ ഒരുക്കുന്നത് പാർട്ടി ആണെന്ന കാര്യവും വിസ്മരിക്കാൻ സാധിക്കില്ല. അതേസമയം, രാഹുൽ അടക്കമുള്ള കേന്ദ്ര നേതാക്കൾക്ക് എന്നും പ്രിയപ്പെട്ടവനാണ് കെസി വേണുഗോപാൽ. ഉമ്മൻ ചാണ്ടിക്കു ശേഷം കെസി എന്ന് പ്രചരിപ്പിക്കുന്ന ഫ്ലക്സുകൾ വരെ ഉയർത്തപ്പെട്ടു. ഭൂരിപക്ഷം എംഎൽഎ മാരുടെയും എംപിമാരുടെയും പിന്തുണയും തങ്ങൾക്കുണ്ടെന്ന് കെസി പക്ഷം പറയുന്നു.
തെരഞ്ഞെടുപ്പിൽ സംഘടനാ സംവിധാനം കൃത്യമായി പ്രവർത്തിപ്പിക്കാൻ സാധിച്ചതിനാൽ കെസി ആണ് ‘റിയൽ ക്യാപ്റ്റൻ’ എന്നാണ് പിന്തുണ യ്ക്കുന്നവരുടെ പക്ഷം. സാമുദായിക സംഘടനകളുമായി മികച്ച ബന്ധം പുലർത്തുന്നതും കെസിയുടെ സാധ്യത വർധിപ്പിക്കുന്നു. എന്നാൽ, പാർട്ടിയിലെ മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയെ കുറിച്ചുള്ള ചർച്ചകൾ പരിമിതമാണെന്നതും ശ്രദ്ധേയമാണ്. 27 വയസ്സിൽ നിയമസഭാ സാമാജികനാവുകയും 30 വയസ്സിൽ മന്ത്രിയാകുകയും ചെയ്ത നേതാവാണ് ചെന്നിത്തല. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന ചർച്ചകളിൽ പോലും ചെന്നിത്തലയെ അവഗണിക്കുന്നു എന്ന പരാതി ഉയരുന്നുണ്ട്.






