
മ്യൂണിക്: ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി പാരീസ് സെന്റ് ജെര്മെയ്ന് തുടര്‍ച്ചയായ രണ്ടാം തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ രണ്ടാം പാദ സെമി ഫൈനലില്‍ ബയേണിനെ അവരുടെ മണ്ണില്‍ സമനിലയില്‍ തളച്ചതോടെയാണ് പിഎസ്ജി ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ബുഡാപെസ്റ്റില്‍ നടക്കുന്ന ഫൈനലില്‍ ആഴ്സണലാണ് പിഎസ്ജിയുടെ എതിരാളികള്‍.
പാരിസില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ നേടിയ 5-4 എന്ന ലീഡാണ് പിഎസ്ജിക്ക് തുണയായത്. രണ്ടാം പാദത്തില്‍ ഓരോ ഗോള്‍ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചതോടെ ആകെ ഗോള്‍ നിലയില്‍ പിഎസ്ജി മുന്നിലെത്തി. ലൂയിസ് എന്റിക്വെയുടെ കീഴിലിറങ്ങിയ പിഎസ്ജി തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ പിഎസ്ജി മുന്നിലെത്തി. ക്വാരത്സ്ഖേലിയയുടെ മനോഹരമായ നീക്കത്തില്‍ നിന്നും പന്ത് സ്വീകരിച്ച ഔസ്മാന്‍ ഡെംബെലെ ബയേണ്‍ വല കുലുക്കി.
രണ്ടാം പകുതിയില്‍ ഡെസിറെ ദൂവേയിലൂടെ പിഎസ്ജി ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബയേണ്‍ ഗോളി മാനുവല്‍ നോയറുടെ തകര്‍പ്പന്‍ സേവുകള്‍ അവര്‍ക്ക് തടസ്സമായി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സൂപ്പര്‍ താരം ഹാരി കെയിന്‍ ബയേണിനായി ഗോള്‍ മടക്കി. ഈ സീസണിലെ കെയിന്റെ 55-ാം ഗോളായിരുന്നു ഇത്. എന്നാല്‍ മത്സരം സമനിലയിലാക്കാന്‍ മാത്രമാണ് ഈ ഗോള്‍ സഹായിച്ചത്.
മത്സരത്തിനിടെ ബോക്സിനുള്ളില്‍ പന്ത് പിഎസ്ജി താരം ജോവോ നെവെസിന്റെ കൈയില്‍ തട്ടിയതിന് ബയേണ്‍ പെനാല്‍റ്റിക്കായി വാദിച്ചു. എന്നാല്‍ സ്വന്തം ടീമിലെ കളിക്കാരന് ക്ലിയര്‍ ചെയ്ത പന്ത് അബദ്ധത്തില്‍ കൈയില്‍ തട്ടിയാല്‍ പെനാല്‍റ്റി അനുവദിക്കാനാവില്ലെന്ന നിയമം ചൂണ്ടിക്കാട്ടി റഫറി അത് നിരസിച്ചു. മെയ് 30 ശനിയാഴ്ച ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ പിഎസ്ജി ആഴ്സണലിനെ നേരിടും. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.





