
കൊൽക്കത്ത: പശ്ചിമബംഗാളിലെ മുതിർന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ബിജെപി. കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തത് ആണെന്നും അക്രമികൾ കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായും സുവേന്ദു അധികാരി പറഞ്ഞു.
ബുധനാഴ്ച രാത്രി 24 നോർത്ത് പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ വച്ചാണ് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിനെ പോയന്റ് ബ്ലാങ്കിൽ വെടിവച്ച് കൊന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ മധ്യംഗ്രാമിലെ വീടിന് വെറും 200 മീറ്റർ അകലെ വച്ചാണ് ആക്രമണം നടന്നത്. രഥ് സഞ്ചരിച്ചിരുന്ന മഹീന്ദ്ര സ്കോർപ്പിയോ കാറിനെ മറ്റൊരു കാർ ഉപയോഗിച്ച് തടഞ്ഞ ശേഷം, ബൈക്കിലെത്തിയ സംഘം കാറിന്റെ ജനൽ ചില്ലിലൂടെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും വയറിലും മാരകമായി വെടിയേറ്റ രഥിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആക്രമണത്തിൽ വെടിയേറ്റ കാർ ഡ്രൈവറുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അദ്ദേഹം കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിയിലാണ്.
സംഭവസ്ഥലത്തുനിന്നും വെടിയുണ്ടകളും തിരകളും കണ്ടെടുത്തിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച നിസാൻ മൈക്ര കാർ പോലീസ് പിടിച്ചെടുത്തു. എന്നാൽ ഇതിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചിരുന്നതെന്ന് ഡിജിപി സിദ്ധ് നാഥ് ഗുപ്ത അറിയിച്ചു.
ബംഗാളിൽ കഴിഞ്ഞ 15 വർഷമായി തുടരുന്ന "മഹാ-ജംഗിൾ രാജിന്റെ" ഫലമാണ് ഈ കൊലപാതകമെന്ന് സുവേന്ദു അധികാരി ആഞ്ഞടിച്ചു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് ക്രൂരമായ കൊലപാതകം നടന്നിരിക്കുന്നത്






