
പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും മുൻനിർത്തി സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ജിയും തമ്മിൽ ടെലിഫോണിൽ ആശയവിനിമയം നടത്തി.
മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികൾ ബുധനാഴ്ച നടന്ന സംഭാഷണത്തിൽ ഇരുനേതാക്കളും വിശദമായി വിലയിരുത്തി. ഗണ്യമായ രീതിയിൽ വർധിച്ചുവരുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള പ്രായോഗിക നയതന്ത്ര നീക്കങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം നൽകിയത്.
മേഖലയിൽ സുസ്ഥിരമായ സുരക്ഷാ സാഹചര്യം ഒരുക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും സഹകരണവും വരുംദിവസങ്ങളിൽ തുടരണമെന്ന കാര്യത്തിൽ മന്ത്രിമാർ ധാരണയിലെത്തി.






