
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിസ്മയം തോന്നിയ ഒന്ന്, സി.പി.എം. തെറ്റ് തിരുത്തണം എന്ന ആവശ്യം എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് വന്നതാണ്. ദേശീയ തലത്തില്‍ സി.പി.എമ്മിന് സംഭവിച്ച അസ്തമയത്തിലേക്ക് കേരളം എന്ന തുരുത്തും മാറുന്നത്, ബി.ജെ.പിയെ ഇവിടെയും ഭരണത്തില്‍ എത്തിക്കും എന്ന ഭയമാണ്, ഇതിനു പിന്നില്‍. അപ്പോള്‍ കോണ്‍ഗ്രസും അസ്തമിക്കും.
കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ചും വി.ഡി. സതീശന് അവകാശപ്പെടുന്നത്, അവ , നെഹ്റുവിയന്‍ ആണെന്നാണ്. ഗാന്ധിയന്മാരുടെ കാലം കരുണാകരനോടു കൂടി തീര്‍ന്നു. ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് സമ്മേളനങ്ങളെപ്പറ്റി ഓര്‍ത്തിരുന്ന അവസാന കോണ്‍ഗ്രസുകാരനാണ്, കരുണാകരന്. സുഭാഷ് ചന്ദ്രബോസ് അധ്യക്ഷനായി 1938ല്‍ നടന്ന കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തെ കരുണാകരന് പരാമര്‍ശിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് 20 വയസാണ്.
ഗാന്ധിയും നെഹ്റുവും തമ്മില്‍ അടിസ്ഥാനപരമായി തന്നെ വ്യത്യാസമുണ്ട്. ഗാന്ധി സനാതനിയും നെഹ്റു കപട മതേതരവാദിയുമാണ്. ശ്രീരാമനെ ജീവിതാവസാനം വരെ കൊണ്ട് നടന്ന ഗാന്ധിയെ ബി.ജെ.പി. സ്വീകരിക്കുന്നുണ്ട്; നെഹ്റുവിനെ അംഗീകരിക്കുന്നില്ല. ഇന്ത്യ ഭരിച്ച അവസാന ഇംഗ്ലീഷുകാരന് താനാണെന്ന് നെഹ്റു ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ജോണ്‍ കെന്നത്ത് ഗാല്ബ്രെയിത്തിനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഭാവിക്കുമ്പോള്‍ തന്നെ, സ്വാതന്ത്ര്യദിനത്തിന്റെ അന്നു രാവിലെ നെഹ്റുവിനെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി കാര്മികര് അഭിഷേകം ചെയ്തു, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പാതിരയിലെ അഭിജിത് മുഹൂര്‍ത്തം ജ്യോല്സ്യര് നിശ്ചയിച്ചത് നെഹ്റു സ്വീകരിച്ചു.
മോദി ലോക്സഭയില്‍ സ്ഥാപിച്ച ചെങ്കോല്‍ ആകട്ടെ, രാജാജി ചെന്നൈയില്‍നിന്ന് നെഹ്റുവിന് കൊണ്ടുകൊടുത്തതാണ്. ഇങ്ങനെ, മതേതരവാദിയായി ചമയുകയും സൗകര്യത്തിന് സനാതനി ആകുകയും ചെയ്യുന്നതിനെയാണ് കപടമതേതരവാദിയെന്ന് വിളിക്കുന്നത്. ഇന്നത്തെ ശരാശരി കോണ്‍ഗ്രസ് നേതാവ് ക്ഷേത്രങ്ങളില്‍ പോകുകയും യാഗങ്ങളില്‍ പങ്കെടുക്കുകയും അതിനൊപ്പം ജമാ അത്തെ ഇസ്ലാമിയുടെ ഇഫ്താര്‍ സംഗമത്തില്‍ പോകുകയും ചെയ്യും.
അതിനാല്‍, നെഹ്റുവിയന്‍ ആകുന്നതാണ് സൗകര്യം
നെഹ്റു കുടുംബസമേതം റഷ്യയില്‍ പോകുകയും ലെനിനെ പ്രശംസിച്ച് പുസ്തകം എഴുതുകയും മകള്‍ ഇന്ദിര, കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിരിക്കെ, സോവിയറ്റ് യൂണിയന് നിര്‍ദേശിച്ച പ്രകാരം സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. നെഹ്റു, കോണ്‍ഗ്രസിന്റെ ആവഡി സമ്മേളനത്തില്‍ സോഷ്യലിസം കോണ്‍ഗ്രസിന്റെ പരിപാടിയാക്കി; ഇന്ദിര, അടിയന്തരാവസ്ഥയില്‍ ഭരണഘടനയില്‍ സോഷ്യലിസം എഴുതിച്ചേര്‍ത്തു. കമ്യൂണിസം, സോഷ്യലിസം എന്നിവയെ നെഹ്റു കുടുംബം, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് അന്നേ റാഞ്ചി.
കേരള തെരഞ്ഞെടുപ്പ് ഫലത്തില്‍ ഈ ഭൂതകാലം പ്രസക്തമാകുന്നത്, ഫലത്തില്‍ തെളിഞ്ഞത് ഭരണവിരുദ്ധവികാരം മാത്രമല്ല, സി.പി.എം. ഇടതുപക്ഷമൂല്യങ്ങള്‍ വിട്ട് മൃദുഹിന്ദുത്വ സ്വീകരിച്ചതിലുള്ള അണികളുടെ വിരുദ്ധവികാരം കൂടിയാണ് എന്നതുകൊണ്ടാണ്. അതാണ്, പാര്‍ട്ടി തിരുത്തണം എന്ന ആരവം ഉയരുന്നത്. ഇടതുപക്ഷം എന്നതു കൊണ്ട് ലക്ഷ്യമിടുന്ന സകല മാനുഷിക മൂല്യങ്ങളും കളഞ്ഞുകുളിച്ച സര്‍ക്കാരിനെയും നേതാവിനെയുമാണ് ജനം തൂത്തെറിഞ്ഞത്. അതിനാല്‍, വിധി കോണ്‍ഗ്രസ് എന്ന നെഹ്റുവിയന്‍ ഇടതുപക്ഷത്തിന്റെ വിജയമാണെന്നും മതേതരത്വ വിജയമാണെന്നും സതീശന് അവകാശപ്പെടുന്നു.
സി.പി.എം. അസ്തമയം
ഇടത് അണികള്‍ കൂടി വോട്ട് ചെയ്യാതെ 102 സീറ്റ് കോണ്‍ഗ്രസ് മുന്നണിക്ക് കിട്ടില്ല. ഉത്തര കേരളത്തില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ കാണുന്ന സി.പി.എം. അണികളുടെ നിഷേധ വോട്ടിനെപ്പറ്റി വിശദമായി ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. അത് ഇക്കുറി ആവര്‍ത്തിക്കുകയും കണ്ണൂര്‍ കോട്ട കിടുങ്ങുകയും ചെയ്തു. മാര്‍ക്സിസ്റ്റുകള്‍ അടിസ്ഥാനപരമായി ഹിന്ദുക്കള്‍ ആകയാല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബി.ജെ.പി. ഗ്രാമങ്ങള്‍ ആകാന്‍ കഴിയും. ആ ഗ്രാമങ്ങള്‍ അതിലേക്ക് മാറുന്നുവെന്നാണ് പയ്യന്നൂരും തളിപ്പറമ്പും കല്യാശേരിയും അഴീക്കോടും ധര്‍മടവും അഴീക്കോടും തലശേരിയും കൂത്തുപറമ്പും മട്ടന്നൂരും തൃക്കരിപ്പൂരും ഒക്കെ വിളിച്ചു പറയുന്നത്.
1965 മുതല്‍ മാറാതിരുന്ന പയ്യന്നൂരും 1970 മുതല്‍ പാര്‍ട്ടിയെ വിടാതിരുന്ന തളിപ്പറമ്പും കാട്ടിയ വിപ്ലവം പറയുന്നത്, കണ്ണൂരിലും ഒരു ത്രിപുര ഒളിച്ചിരിക്കുന്നു എന്നാണ്. മാറ്റം അക്കങ്ങളില്‍ മാത്രമല്ല, പ്രത്യയശാസ്ത്രത്തിലും കൂടിയാണ്. ഇടതു വോട്ടുകള്‍ ഉത്തരകേരളത്തിലും തെക്കും മുന്‍പ് ഹിന്ദുത്വയിലേക്ക് പോയപ്പോള്‍, അതിനെ പാര്‍ട്ടി തടഞ്ഞത് മൃദു ഹിന്ദുത്വയില്‍ ആറാടിയും മുസ്ലിം വിരുദ്ധതയില്‍ അഭിരമിച്ചുമാണ്. മതേതരത്വം പോക്കറ്റടിച്ചു പോയി.
ബി.ജെ.പിക്ക് നേട്ടം വന്നത്, ഇടതുകോട്ടകള്‍ ഉള്ള, കോണ്‍ഗ്രസ് സംഘടനാപരമായി ശക്തമല്ലാത്ത, തെക്കന്‍ കേരളത്തില്‍നിന്നാണ്. കോണ്‍ഗ്രസിനെയാണ് ബി.ജെ.പി. ആദ്യം ദുര്‍ബലമാക്കുക എന്ന ധാരണ തിരുത്തുകയാണ്, ഈ ഫലം. കോണ്‍ഗ്രസ് ദുര്‍ബലമായ മേഖലകളില്‍ ബി.ജെ.പി. ഇടതുകോട്ടകള്‍ ഭേദിക്കുന്നു.ഈ മേഖലകളില്‍ ഇനി സി.പി.എം. നിലനില്‍ക്കില്ല. കാരണം, ഇവിടങ്ങളില്‍ തോല്‍വി ആശയപരമാണ്. ഇവിടങ്ങളില്‍ വലിയ കോണ്‍ഗ്രസ് തരംഗത്തിനിടയിലും ഹിന്ദുത്വ കാവിക്കൊടി മിന്നിച്ചു എന്നത് കാണണം.
ന്യൂനപക്ഷ ധ്രുവീകരണം ശക്തമായിരുന്നുവെന്ന് മത്സരിച്ച 27 സീറ്റില്‍ 22 ജയിച്ച മുസ്ലിം ലീഗ് തെളിയിച്ചു. ജമാ അത്തെ ഇസ്ലാമിയെ കോണ്‍ഗ്രസ് ആലിംഗനം ചെയ്തതിനെ എതിര്‍ത്തു തോല്പിക്കാന് സി.പി.എമ്മിന് കഴിയാത്തത്, ആ പാര്‍ട്ടി മൂല്യങ്ങള്‍ മറന്ന് ന്യൂനപക്ഷ പ്രീണനം നടത്തി 2021ല്‍ ജയിച്ചത് കൊണ്ടാണ്. ബി.ജെ.പിയുടെ ക്രിസ്ത്യന്‍ പ്രീണനം ഗുണം ചെയ്തില്ലെന്നു മാത്രമല്ല, 20-20യുടെ കിഴക്കമ്പലം കോട്ടയില്‍ പോലും വിള്ളല്‍ വീഴ്ത്തി. കുന്നത്തുനാടും വൈപ്പിനിലും മുന്‍പ് 20-20 പിടിച്ച വോട്ടുകള്‍ കിട്ടിയില്ലെന്നു മാത്രമല്ല, തൃപ്പൂണിത്തുറ ഒഴികെ ഒരിടത്തും നില മെച്ചപ്പെട്ടില്ല.
ക്രിസ്മസ് കേക്ക് ക്രിസ്ത്യന്‍ ഭവനങ്ങളിലും അരമനകളിലും അടിച്ചേല്പിക്കേണ്ട ഒന്നല്ല എന്ന് പി.സി. ജോര്‍ജ്, മോന് ജോര്‍ജ് എന്നിവര്‍ കാണണം. പക്ഷേ, 20-20 പരീക്ഷണം, ക്രിസ്ത്യന്‍ പ്രീണനം എന്നിവ ബി.ജെ.പി. നിര്‍ത്തേണ്ടതില്ല. എറണാകുളം ജില്ലയില്‍ ബി.ജെ.പിക്ക് മൂന്ന് ശതമാനം വോട്ട് കൂടിയത്, 20-20 ബന്ധം കൂടി കാരണമാണ്. തിരുവല്ലയില്‍ അനൂപ് ആന്റണി ഇത്രയും വോട്ട് പിടിച്ചത്, മാര്‍ത്തോമ്മാ ക്രൈസ്തവര്‍ മാറും എന്നത് കൊണ്ട് കൂടിയാകാം. യാക്കോബായക്കാരും മാര്തോമ്മയും നന്മ ചെയ്യും.
മൂന്നില്‍നിന്നാണ് ബംഗാളില്‍ ബി.ജെ.പി. 77 സീറ്റില്‍ എത്തിയത്. രണ്ടില്നിന്നാണ് ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത്. അതാണ് മൂന്ന് സീറ്റിന്റെ ആന്തരാര്‍ത്ഥം. 2016ല്‍ ബി.ജെ.പി. ബംഗാളില്‍ മൂന്ന് സീറ്റ് പിടിച്ചപ്പോള്‍ 10% ആയിരുന്നു വോട്ട്. അതിനാല്‍, ഇപ്പോള്‍ ഇവിടെ കിട്ടിയ 11.4% (എന്‍.ഡി.എ. 14.41%) ചെറുതല്ല. ബി.ജെ.പി. 1984ല്‍ രണ്ടു സീറ്റ് നേടിയത് ഇന്ദിരാ വധത്തിന് ശേഷമുള്ള വന്‍ കോണ്‍ഗ്രസ് സഹതാപ തരംഗത്തിലാണ് എന്നുമോര്‍ക്കണം.
ദേശീയ തലത്തില്‍, കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും കൂടുതല്‍ ദുര്‍ബലമാക്കി, ഈ ഫലം. ഇന്ത്യ മുന്നണിയുടെ മൂന്ന് മുഖ്യമന്ത്രിമാര്‍ ഇല്ലാതായി മമത, സ്റ്റാലിന്, പിണറായി. കോണ്‍ഗ്രസ് 2014 മുതല്‍ ആകെ ജയിച്ചത് ഇപ്പോള്‍ കേരളം ഉള്‍പ്പെടെ ഒന്‍പത് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രമാണ്. ബി.ജെ.പി. ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ ഉച്ചഘട്ടത്തില്‍ കോണ്‍ഗ്രസിന് ഉണ്ടായിരുന്ന അത്രയും സംസ്ഥാനങ്ങളില്‍ പടര്‍ന്നിരിക്കുന്നു. ബി.ജെ.പിക്ക് 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. 17 മുഖ്യമന്ത്രിമാര്‍. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, കെജ്രിവാള് ഒക്കെ പവലിയനിലേക്ക് മടങ്ങി. അസം, ത്രിപുര, ഹരിയാന, ബിഹാര്‍, ഒഡിഷ, ബംഗാള്‍ ബി.ജെ.പി. വിജയങ്ങള്‍ പ്രതിപക്ഷ സ്വാധീനം ദേശീയ തലത്തില്‍ ചുരുക്കി. തമിഴ് നാട്ടില്‍ വിജയ്ക്ക് പിന്നാലെ ബി.ജെ.പിയുടെ നിഴല്‍ കാണും എന്നതിനാലാണ് വിജയം കഴിഞ്ഞ് വിജയ്, മോദിക്ക് നന്ദി പറഞ്ഞത്.
കോണ്‍ഗ്രസ് ദേശീയ തലത്തില്‍ വേറൊരു മുസ്ലിം ലീഗായിക്കൊണ്ടിരിക്കുന്നു. അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ ജയിച്ച 21 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 20 പേരും മുസ്ലിംകളാണ്. തമിഴ് നാട്ടില്‍ ജയിച്ച രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഒരാള്‍ മുസ്ലിം. കോണ്‍ഗ്രസ് ഇങ്ങനെ മുസ്ലിം പാര്‍ട്ടി ആകുന്നതിനെതിരേ 2014ല്‍ എ.കെ. ആന്റണി കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്തിരുന്നു.
അതിനാല്‍, കേരളത്തില്‍ ബി.ജെ.പിയുടെ പുഷ്കല കാലം വരുന്നതേയുള്ളൂ.




