കേരളത്തില്‍ കോണ്‍ഗ്രസിലെ 'മുഖ്യമന്ത്രി കസേരകളി' എക്കാലത്തും കൗതുകമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ്. മുന്നേറ്റത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പരസ്പരം കലഹിക്കുന്നത് ഈ ശീലം മൂലമാണ്. ജനം മനസറിഞ്ഞു വിധിയെഴുതിയപ്പോള്‍ പാര്‍ട്ടിയില്‍ വിധി കല്പിക്കാന് ഈ മൂന്നുപേരാണ് ഇപ്പോള്‍ ഗോദയില്‍.
ഇന്ദിരാ ഭവനില്‍ ഇപ്പോള്‍ പഴയതു പോലെ ഉച്ചമയക്കമില്ല. പകരം, കാല്‍പ്പെരുമാറ്റങ്ങളും രഹസ്യനീക്കങ്ങളും കണക്കെടുപ്പുംകൊണ്ടു തിരക്കിട്ട അന്തരീക്ഷം. വി.ഡി. സതീശന് പ്രോഗ്രസ് കാര്‍ഡുമായി ക്യാപ്റ്റന്‍ പരിവേഷത്തിലാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഹൈക്കമാന്‍ഡിനു കൊടുത്ത പ്രോഗ്രസ് കാര്‍ഡ് നിങ്ങള്‍ കണ്ടോയെന്ന് ചോദിച്ചാണ് അദ്ദേഹം എല്ലാവരെയും കൈയിലെടുക്കുന്നത്. ശാസ്ത്രം പോലും തോറ്റു പോകുന്ന ഭൂഗോള സിദ്ധാന്തം അവതരിപ്പിച്ച ആളെന്ന നിലയിലും മുസ്ലീം ലീഗിന്റെ കടുത്ത പിന്തുണയിലുമാണു പ്രതീക്ഷ. ഒരുകൂട്ടം സിനിമാക്കാരും കൂട്ടിനുണ്ട്. മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞൊന്നും വിനീതനായ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
അതേ സമയം, സീനിയോറിറ്റിയുടെ അമരക്കാരനായ രമേശ് ചെന്നിത്തല പഴയ പുസ്തകങ്ങള്‍ പരതി അതില്‍ എവിടെയെങ്കിലും ഏറ്റവും കൂടുതല്‍ കാലം സീനിയറായിരുന്നവര്ക്ക് ഒരു ഊഴമെന്ന നിയമമുണ്ടോയെന്ന് പരിശോധിക്കുന്നു. മറ്റുള്ളവര്‍ പരക്കം പായുമ്പോള്‍ അദ്ദേഹം പൊതുവെ ശാന്തനാണെങ്കിലും ഉള്ളില്‍ കലിപ്പുണ്ട്. സതീശന് പ്രതിപക്ഷ നേതാവായി വന്നപ്പോള്‍ താന്‍ ഒഴിഞ്ഞ് കൊടുത്തതാണെന്ന് അദ്ദേഹം പരിതപിക്കുന്നു. വിനാശകാലേ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ ഐ ഗ്രൂപ്പിന്റെ ആ പഴയ പത്തായം തുറക്കാനും മടിക്കില്ലെന്ന ഭാവം. എന്നാല്‍, ഡല്‍ഹിവാല കെ.സി. വേണുഗോപാലിന്റെ ചിരിയിലാണ് നിഗൂഢത. തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന് രാഹുലിനെക്കൊണ്ട് തിട്ടൂരമിറക്കി കെ.സുധാകരനെപ്പോലുള്ളവരെ മാളത്തിലാക്കി തക്കം പാര്‍ത്തിരുന്ന ബുദ്ധിയാണ് ആ ചിരിയിലുള്ളത്. താന്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്ന് പറയുന്നത്. ഹൈക്കമാന്‍ഡ് എന്നാല്‍ താനും താനും പിന്നെ താനും ഉള്‍പ്പെട്ടതാണെന്നു പുള്ളിക്കല്ലേ അറിയൂ.
ഹൈക്കമാന്‍ഡിന്റെ കണ്ണാടി നോക്കി വേണുഗോപാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചുവെന്ന് അദ്ദേഹം തന്നെ എഴുതിവച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ഓര്ഗനൈസേഷന് നോക്കി മടുത്ത വേണുഗോപാലിന് ഇപ്പോള്‍ കേരളത്തിലെ റേഷന്‍ ഒന്ന് നോക്കിയാല്‍ കൊള്ളാമെന്നുണ്ട്. അടുത്ത കുറെ കാലത്തേക്ക് ഡല്‍ഹിയില്‍ ഒന്നും നിര്‍വഹിക്കാനില്ല. കിട്ടിയ അവസരം ഉപയോഗിക്കുക എന്നതാണ് ബുദ്ധി. പിന്നെ സതീശനും രമേശനും കുത്തിമറിഞ്ഞിട്ടല്ലല്ലൊ 102 കടന്നത്. അതിന് പിണറായിയെ സ്തുതിക്കണം! മൂന്നു പേരും കൂടി കസേരയുടെ ഓരോ കാലില്‍ പിടിച്ചു വലിക്കുമ്പോള്‍ അദൃശ്യരായ നാലാമനും അഞ്ചാമനും ഈ നിരയിലേക്കു വരുമോയെന്നാണ് ഒടുവിലത്തെ പേടി. പാര്‍ട്ടിയില്‍ സതീശന്മാര് ഒരുപാടുണ്ടെന്ന കെ. സുധാകരന്റെ അശരീരിയും ഭൂലോക പൗരന്റെ നിഴലും ഭീഷണി തന്നെ. ഏതായാലും കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുന്നത് ജനങ്ങളല്ല. കസേരയുടെ ബലം പരിശോധിക്കുന്ന മൂവര്‍ സംഘവും അവസാനം ഡല്‍ഹിയില്‍ നിന്ന് വരുന്ന ഒരു സീല്‍ വെച്ച കവറുമാകും. ഈ കവറില്‍ മറ്റന്തെങ്കിലും സര്‍ൈപ്രസ് ഇല്ലാതിരുന്നാല്‍ ഭാഗ്യം.
ഉണ്ണി വി.ജെ. നായര്‍




