ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍മെന്റിലെ ബാറ്റിങ് പവര്‍ഹൗസുകളുടെ പോരാട്ടത്തില്‍ ജയിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മുന്നില്‍. പഞ്ചാബ് കിങ്സിനെ സ്വന്തം മൈതാനത്ത് 33 റണ്ണിനു കീഴടക്കിയാണ് ഹൈദരാബാദിന്റെ കുതിപ്പ്. കൈവിട്ട ക്യാച്ചുകളാണ് പഞ്ചാബിനു തുടര്‍ച്ചയായ മൂന്നാം തോല്‍വി സമ്മാനിച്ചത്.
ജയിച്ചിരുന്നെങ്കില്‍ പഞ്ചാബ് പോയിന്റ് പട്ടികയില്‍ വീണ്ടും മുന്നിലെത്തുമായിരുന്നു. ഹൈദരാബാദിനേക്കാള്‍ ഒരു കളി കുറച്ചുകളിച്ച പഞ്ചാബിന് ആദ്യസ്ഥാനക്കാരാകാന് ഇനിയും സാധ്യതയുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം. 11 കളിയില്‍ ഹൈദരാബാദിന് 14 പോയിന്റും 10 കളിയില്‍ പഞ്ചാബിന് 13 പോയിന്റുമാണുള്ളത്.
ലോക്കി ഫെര്ഗൂസണ്, കൂപ്പര്‍ കൊണോലി, ശശാങ്ക് എന്നിവരാണ് ഹൈദരാബാദ് താരങ്ങളായ ഹൈന്റിക് ക്ലാസന്, ഇഷാന് കിഷന് എന്നിവരുടെ ക്യാച്ചുകള്‍ നിലത്തിട്ടത്. കിഷന് ഒന്‍പത്, 18 റണ്‍ നേടി നില്‍ക്കെയാണ് രണ്ടുവട്ടം എതിര്‍ക്യാമ്പ് ആയുസുനീട്ടി നല്‍കിയത്. 32 പന്തില്‍ 55 റണ്ണുമായാണ് താരം ക്രീസ് വിട്ടത്. ഒന്‍പത് റണ്ണില്‍ നില്‍ക്കെ ശശാങ്ക് കൈവിട്ട ക്ലാസന് പിന്നീട് 43 പന്തില്‍ 69 റണ്ണടിച്ച് ടീമിന്റെ ടോപ് സ്കോററായി. സീസണില്‍ എതിര്‍ടീം നല്കിയ 56 ക്യാച്ച് അവസരങ്ങളില്‍ 16 എണ്ണം പഞ്ചാബ് താരങ്ങള്‍ കൈവിട്ടു. ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമാണ് പഞ്ചാബിന്റെ സ്ഥാനം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് നാലു വിക്കറ്റിന് 235 റണ്ണെന്ന പടുകൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതില്‍ പതിവുപോലെ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ(35)യും ട്രാവിസ് ഹെഡും(38) നിര്‍ണായകമായി. 3.3 ഓവറില്‍ 54 റണ്ണെന്ന അടിത്തറയില്‍നിന്ന് വണ്‍ഡൗണായെത്തിയ ഇഷാന് കിഷനും (55) നാലാമന് ഹൈന്റിക് ക്ലാസനും (69) നിതീഷ് കുമാര്‍ റെഡ്ഡി (29)യും കത്തിക്കയറി. ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ക്ലാസന് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ആദ്യസ്ഥാനക്കാരനായി. 11 ഇന്നിങ്സില്‍ ക്ലാസന് ആകെ 494 റണ്ണായി. രണ്ടാം സ്ഥാനത്ത് 475 റണ്ണുമായി അഭിഷേക് ശര്‍മയെത്തിയത് ഹൈദരാബാദിന് ഇരട്ടിമധുരമായി. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ.എല്‍. രാഹുലാണ് 445 റണ്ണുമായി മൂന്നാം സ്ഥാനത്ത്.
മറുപടി പറഞ്ഞ പഞ്ചാബ് കിങ്സിനായി കന്നിസെഞ്ചുറിയുമായി ഓസ്ട്രേലിയന്‍ താരം കൂപ്പര്‍ കൊണോലി മാത്രമാണ് പൊരുതിയത്. നിശ്ചിത 20 ഓവറില്‍ പഞ്ചാബിന് ഏഴുവിക്കറ്റിന് 202 റണ്ണെടുക്കാനേ സാധിച്ചുള്ളൂ. പ്രിയാന്‍ഷ് ആര്യ (ഒന്ന്), പ്രഭ്സിമ്രന് സിങ് (മൂന്ന്), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (അഞ്ച്), മാര്‍ക്കസ് സ്റ്റോയിനിസ് (28), സുയാന്‍ഷ് ഷെന്‍ഡെ (25), ശശാങ്ക് സിങ് (നാല്), മാര്‍ക്കോ യാന്സണ് (19) എന്നിവര്‍ നിറംമങ്ങി. കൊണോലി 59 പന്തില്‍ എട്ടുസിക്സും ഏഴു ഫോറും പറത്തി 107 റണ്ണുമായി പുറത്താകാതെനിന്നു. രണ്ടുവിക്കറ്റും രണ്ടു ക്യാച്ചുമായി കളംനിറഞ്ഞ ഹൈദരാബാദ് നായകന് പാറ്റ് കമ്മിന്‍സ് കളിയിലെ കേമനായി.




