
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള പോരാട്ടം തെരുവിലേക്കും ഗ്രൂപ്പ് പോരിലേക്കും നീങ്ങുന്നു. എം.എല്‍.എമാരുടെ പിന്തുണ സംബന്ധിച്ച് നേതാക്കള്‍ വിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചതോടെ അന്തിമ തീരുമാനം എ.ഐ.സി.സി നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്.
ഭൂരിഭാഗം എം.എല്‍.എമാരും തങ്ങളോടൊപ്പമാണെന്ന് കാണിച്ച് മൂന്ന് പ്രമുഖ നേതാക്കളും രംഗത്തെത്തിയതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയിലായിരിക്കുകയാണ്. കെ.സി. വേണുഗോപാല്‍ 46 എംഎല്‍എ മാര്‍ തനിക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെടുമ്പോള്‍ വി.ഡി. സതീശന് 35 എംഎല്‍എ മാരുടേയും രമേശ് ചെന്നിത്തല 23 എംഎല്‍എ മാരും ഉണ്ടെന്നുമാണ് അവകാശവാദം.
എം.എല്‍.എമാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പേരുടെ പിന്തുണ ഗ്രൂപ്പുകള്‍ അവകാശപ്പെടുന്നത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാണെന്നതിന്റെ സൂചനയാണ്. മുകുള്‍ വാസ്നിക്കും അജയ് മാക്കനും നല്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോണ്‍ഗ്രസ് ദേശീയ നേതൃത്വം കര്‍ശനമായ ഇടപെടലുകള്‍ക്ക് മുതിരും. ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേതാക്കളെ നേരിട്ട് ദല്‍ഹിക്ക് വിളിപ്പിക്കും. ഘടകകക്ഷികളുടെ വികാരം കൂടി പരിഗണിച്ച് ഞായറാഴ്ചയോടെ പ്രഖ്യാപനമുണ്ടായേക്കും.
ഭിന്നത പരിഹരിച്ച് എല്ലാവര്ക്കും സ്വീകാര്യനായ ഒരാളെ കണ്ടെത്തുക എന്ന വലിയ വെല്ലുവിളിയാണ് ഹൈക്കമാന്‍ഡിന് മുന്നിലുള്ളത്.ശക്തമായ ഗ്രൂപ്പ് സമവാക്യങ്ങള്‍ നിലനില്‍ക്കെ, എം.എല്‍.എമാരുടെ രഹസ്യ ബാലറ്റിലെ അഭിപ്രായമാണോ അതോ ദേശീയ രാഷ്ട്രീയത്തിലെ സ്വാധീനമാണോ മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് കണ്ടറിയണം. ഇതിനിടെ ഘടകകക്ഷികളും സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്തുണ്ട്.






