
റിയാദ്: സൗദി മണ്ണില്‍ മറ്റൊരു ചരിത്രം കൂടി കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ തന്റെ നൂറാം ഗോള്‍ തികച്ച മത്സരത്തില്‍ അല്‍ ഷബാബിനെ തകര്‍ത്ത് അല്‍ നസര്‍ കിരീടത്തോടടുക്കുന്നു. ജാവോ ഫെലിക്സ് ഹാട്രിക് തിളക്കവുമായി കളം നിറഞ്ഞ മത്സരത്തില്‍ 4-2 നായിരുന്നു അല്‍ നസറിന്റെ വിജയം. മത്സരത്തിന്റെ ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി ജാവോ ഫെലിക്സ് അല്‍ നസറിന് സ്വപ്നതുല്യമായ തുടക്കം നല്കി. ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയിലൂടെ താരം ഹാട്രിക്കും പൂര്‍ത്തിയാക്കി.
75ാം മിനിറ്റില്‍ സാഡിയോ മാനെ നല്കിയ ക്രോസ് കൃത്യമായി വലയിലെത്തിച്ചാണ് റൊണാള്‍ഡോ സൗദി ലീഗിലെ തന്റെ 100-ാം ഗോള്‍ ആഘോഷിച്ചത്. ഇതോടെ താരത്തിന്റെ കരിയറിലെ ആകെ ഗോള്‍ നേട്ടം ഇതോടെ 971 ആയി. സൗദി ലീഗ് ഉള്‍പ്പെടെ അല്‍ നസറിനായി ക്രിസ്ത്യാനോയുടെ ഗോള്‍നേട്ടം 126 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സീസണില്‍ മാത്രം താരം 26 ഗോളുകള്‍ അല്‍ നസറിന് നേടി.
യാനിക്ക് കരാസ്കോ, അലി അല്‍ ബുലായി എന്നിവരിലൂടെ ഷബാബ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അല്‍ നസറിന്റെ മുന്നേറ്റത്തിന് മുന്നില്‍ പതറി. ഈ വിജയത്തോടെ 32 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റുമായി അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു മത്സരം കുറച്ചു കളിച്ച അല്‍ ഹിലാല്‍ 77 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. മെയ് 12-ന് നടക്കുന്ന അല്‍ നസര്‍ - അല്‍ ഹിലാല്‍ ഡെര്‍ബി പോരാട്ടമാകും നിര്‍ണായകമാണ്.
ഈ മത്സരം സീസണിലെ സൗദി രാജാക്കന്മാരെ നിശ്ചയിക്കും. സൗദിയില്‍ എത്തിയ ശേഷം ഇതുവരെ ഒരു പ്രധാന ട്രോഫി നേടാന്‍ കഴിയാത്ത റൊണാള്‍ഡോയ്ക്ക് ഈ മാസം നിര്‍ണ്ണായകമാണ്. സൗദിലീഗില്‍ മെയ് 12 നാണ് കിരീടപോരാട്ടത്തില്‍ നിര്‍ണ്ണായകമാകുന്ന അല്‍ ഹിലാലിനെതിരായ മത്സരം. മെയ് 16 ന് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ടു ഫൈനലില്‍ ജാപ്പനീസ് ക്ലബ്ബ് ഗാംബ ഒസാക്കയുമായുള്ള പോരാട്ടവുമുണ്ട്.




