
ഇന്‍ഡോര്‍: ജീവപര്യന്തം തടവുകാരനായ ഒരു കുറ്റവാളിയും അതേ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടും തമ്മിലുള്ള വിവാഹം അക്ഷരാര്‍ത്ഥത്തില്‍ അസാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ തടവറകള്‍ പ്രണയത്തിന് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് മധ്യപ്രദേശിലെ ധര്‍മ്മേന്ദ്ര സിംഗും ഫിറോസ ഖാത്തൂനും. ജയില്‍ മുറ്റത്തെ ഔദ്യോഗിക ഫയലുകള്‍ക്കിടയില്‍ മൊട്ടിട്ട ഇവരുടെ പ്രണയം, ജാതിയുടെയും മതത്തിന്റെയും തടസ്സങ്ങളെ പോലും മറികടന്ന് പ്രണയസാഫല്യത്തില്‍ എത്തിയിരിക്കുകയാണ്.
2007 മുതല്‍ സത്ന ജയിലില്‍ ശിക്ഷയനുഭവിച്ചിരുന്ന ധര്‍മ്മേന്ദ്ര, ജയിലിലെ ഓഫീസ് ജോലികളില്‍ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. വാറന്റ് ഇന്‍-ചാര്‍ജ് ആയിരുന്ന ഫിറോസയുമായുള്ള ജോലിസംബന്ധമായ ഇടപെടലുകള്‍ പിന്നീട് ആഴത്തിലുള്ള സൗഹൃദമായി വളരുകയും പിന്നീട് അത് പ്രണയമായി മാറുകയുമായിരുന്നു. 14 വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ധര്‍മ്മേന്ദ്രയെ ശിഷ്ടജീവിതത്തിലേക്ക് കൂട്ടാന്‍ ഫിറോസ തീരുമാനിക്കുകയായിരുന്നു. ശിക്ഷാകാലം കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രതികളെ സമൂഹം മാറ്റിനിര്‍ത്തുമ്പോള്‍ ജയില്‍ മോചിതനായി പുതിയ ജീവിതം തുടങ്ങാന്‍ ആഗ്രഹിച്ച യുവാവിന് ജയില്‍ ഉദ്യോഗസ്ഥ പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു.
മതപരമായ വ്യത്യാസങ്ങള്‍ കാരണം ഫിറോസയുടെ വീട്ടുകാര്‍ വിവാഹത്തിനെ എതിര്‍ത്തപ്പോള്‍ തുണയായത് വിഎച്ച്പിയായിരുന്നു. ചടങ്ങില്‍ ഇടപെട്ട ഹൈന്ദവസംഘടനയുടെ ഭാരവാഹിയായ രാജ് ബഹദൂര്‍ മിശ്രയും ഭാര്യയും ഫിറോസയുടെ രക്ഷിതാക്കളായി നിന്ന് 'കന്യാദാനം' നടത്തി. നിയമപാലകയും നിയമം ലംഘിച്ചതിന്റെ പേരില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ലവ്കുശ് നഗറിലെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. തടവറകള്‍ മനുഷ്യരെ നവീകരിക്കുമെന്നും പ്രണയത്തിന് തിരുത്തല്‍ ശക്തിയാകാന്‍ കഴിയുമെന്നുമുള്ള രണ്ടു സന്ദേശമാണ് ഈ പ്രണയവിവാഹം നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.






