
ഹൈദരാബാദ്: 'ജനഗണമന' എന്ന ദേശീയ ഗാനത്തിന് നൽകുന്ന അതേ നിയമപരമായ പരിരക്ഷ 'വന്ദേമാതര'ത്തിനും നൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ എതിർത്ത് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി രംഗത്ത്. വന്ദേമാതരം ഒരു ദേവിക്കുള്ള സ്തുതിഗീതമായതിനാൽ അതിനെ ദേശീയ ഗാനത്തിന് തുല്യമായി പരിഗണിക്കാൻ കഴിയില്ലെന്നാണ് ഒവൈസിയുടെ പക്ഷം.
.
രാജ്യം ഏതെങ്കിലും ദൈവത്തിന്റെയോ ദേവിയുടെയോ പേരിലല്ല ഭരിക്കപ്പെടുന്നത്. രാജ്യം ഒരു പ്രത്യേക ദൈവത്തിന്റേതുമല്ലെന്നും ഒവൈസി വ്യക്തമാക്കി. ‘ജനഗണമന’ ഇന്ത്യയെയും അതിലെ ജനങ്ങളെയുമാണ് വിഷയമാക്കുന്നത്, മറിച്ച് ഏതെങ്കിലും ഒരു പ്രത്യേക മതത്തെയല്ല. മതം എന്നാൽ രാഷ്ട്രമല്ല എന്നും ഒവൈസി എക്സിലൂടെ പറയുന്നു. വന്ദേമാതരം രചിച്ച വ്യക്തി ബ്രിട്ടീഷ് ഭരണത്തോട് അനുഭാവം പുലർത്തിയിരുന്നതായും മുസ്ലീങ്ങളോട് വിമുഖത കാണിച്ചിരുന്നതായും അദ്ദേഹം ആരോപിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹ്റു, ടാഗോർ എന്നിവരെല്ലാം ഇത് നിരസിച്ചതാണെന്നും ഒവൈസി ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് 'ഭാരത മാതാ' എന്നല്ല, മറിച്ച് "നമ്മൾ, ഭാരതത്തിലെ ജനങ്ങൾ" എന്നാണ്. ഭരണഘടനയുടെ ആമുഖം ദേവിയുടെ പേരിൽ തുടങ്ങണമെന്നും 'വന്ദേമാതരം' എന്ന് ഉൾപ്പെടുത്തണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ഭേദഗതികളെല്ലാം അന്ന് തള്ളിക്കളഞ്ഞതാണെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
അതേസമയം, സാംസ്കാരികമായ ഏകോപനത്തെ മതപരമായ വിദ്വേഷമായി കാണുന്ന രീതിയാണ് ഒവൈസിയുടേതെന്ന് തെലങ്കാന ബിജെപി അധ്യക്ഷൻ എൻ. രാമചന്ദർ റാവു കുറ്റപ്പെടുത്തി. ഒവൈസിയും ജിന്നയും ഒരേ പാതയാണ് പിന്തുടരുന്നതെന്നും റാവു പറഞ്ഞു.






