
ഇടുക്കി: 'ഗോ ബാക്ക് കെസി ഫ്ലക്സ്' തൊടുപുഴയിലും. തൊടുപുഴ രാജീവ് ഭവന് മുമ്പിലാണ് കെ സി വേണുഗോപാലിനെതിരെ ഫ്ലക്സ് സ്ഥാപിച്ചത്. 'പട നയിച്ചവൻ നാട് നയിച്ചാൽ മതി' എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശനെ അനുകൂലിച്ച് വച്ച ഫ്ലക്സിന് സമീപമാണ് കെ സിക്കെതിരായ ഫ്ലക്സ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.
കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടുംം മലപ്പുറത്തും വിഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുന്നതിനിടെ ആണ് വിഡി സതീശന്റെ അഭ്യര്‍ത്ഥന പുറത്തുവന്നിരിക്കുന്നത്.
അതേസമയം വി ഡി സതീശന് അനുകൂലമായ പ്രചരണങ്ങൾ നടത്തിയത് ചൂണ്ടികാട്ടി നേതാക്കൾക്കെതിരെ നടപടിയുമായി ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് നാല് പേർക്കെതിരെ നടപടി എടുത്തു. ഡിസിസി ജനറൽ സെക്രട്ടറി വി. ഇ താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഡിസിസി നിയുക്ത പദവികളിൽ നിന്ന് നീക്കം ചെയ്തു. ഡിസിസി പ്രസിഡൻ്റ് സി പി മാത്യു ഇക്കാര്യം അറിയിച്ചത്.






