
പന്ത്രണ്ട് വര്‍ഷമായി കേന്ദ്രത്തിലും പത്ത് വര്‍ഷമായി സംസ്ഥാനത്തും അധികാരത്തിനു പുറത്തായ കോണ്‍ഗ്രസിന്, സംസ്ഥാന ഭരണ രാഷ്ട്രീയത്തില്‍ വീരോചിതമായ തിരിച്ചുവരവ് നല്കിയ നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ മാറ്റുകുറയ്ക്കുന്നതായി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലെ കാലതാമസം. ടീം യു.ഡി.എഫ്. എന്ന പേരില്‍ ബഹുമുഖ നേതൃത്വം ഐക്യജനാധിപത്യ മുന്നണിക്ക് ഉണ്ടായിരുന്നെങ്കിലും, മുഖ്യമന്ത്രി പിണറായിയോട് നേര്‍ക്കുനേര്‍ നിന്ന് പാര്‍ട്ടിയെ കഴിഞ്ഞ അഞ്ച് വര്‍ഷം ചടുലമായി നയിച്ചത് ആരാണെന്നത് ഏവര്‍ക്കും അറിയുന്നതാണ്.
2021ല്‍ സംസ്ഥാനത്ത് ഇടതു തുടര്‍ഭരണം ഉണ്ടായപ്പോള്‍, പ്രതിപക്ഷ നിരയെ കൂടുതല്‍ ചലനാത്മകവും ഊര്‍ജ്ജസ്വലവും ആക്കുന്നത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി പാര്‍ട്ടി നിയോഗിക്കുന്നത്. അത് ശരിയായി നീക്കമാണോയെന്ന് അന്ന് നെറ്റി ചുളിച്ച ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ക്രമേണ പാര്‍ട്ടി അണികളില്‍ ആത്മവിശ്വാസവും ആവേശവും വിതറി വി.ഡി. സതീശന് പാര്‍ട്ടിയുടെ വിശ്വാസം കാത്തു. പുതുപ്പള്ളി, പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയവും നിലപാടുകളും, തദ്ദേശ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മാസ്മരിക മുന്നേറ്റവും വി.ഡിയെ, ഉമ്മന്‍ചാണ്ടിക്ക് ശേഷമുള്ള പാര്‍ട്ടിയുടെ അടുത്ത നേതാവ് ആരെന്നതില്‍ സംശയം ഉദിക്കാത്ത തരത്തില്‍ മുന്‍നിരയില്‍ എത്തിച്ചു എന്നതായിരുന്നു പൊതുബോധ്യം.
തുടക്കത്തില്‍ വി.ഡി.യുടെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തില്‍ കിട്ടിയ സ്വീകാര്യത പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായെങ്കില്‍, ക്രമേണ പാര്‍ട്ടിയുടെ നിലപാട് അറിയാന്‍ രാഷ്ട്രീയ കേരളം വി.ഡിയെ കാക്കുന്ന സ്ഥിതികൈവന്നത്, വി.ഡി.യുടെ രാഷ്ട്രീയ ഔന്നത്യം പുലര്‍ത്തുന്ന നേതൃത്വത്തിനുള്ള അംഗീകാരമായി. ഐക്യജനാധിപത്യ മുന്നണിയെ നിയമസഭാതെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍, പുതുയുഗ യാത്ര ആസൂത്രണം ചെയ്തപ്പോള്‍ ജാഥാക്യാപ്റ്റന് ആകേണ്ടത് ആരെന്നതില്‍ പാര്‍ട്ടിക്ക് സംശയമില്ലായിരുന്നു. പാര്‍ട്ടിയുടെയും, യു.ഡി.എഫിന്റെയും അണികളില്‍ പോരാട്ടവീര്യം നിറച്ച് ഐക്യ ജനാധിപത്യ മുന്നണിയെ ഐതിഹാസിക വിജയത്തില്‍ എത്തിക്കുന്നതില്‍ വി.ഡി. സതീശന്റെ നിലപാടുകളും പൊതു മണ്ഡലത്തില്‍ അദ്ദേഹത്തിന് കൈവന്ന രാഷ്ട്രീയ ഔന്നത്യവും വലിയ പങ്ക് വഹിച്ചു എന്നതില്‍ തര്‍ക്കമില്ല.
തുടര്‍ഭരണം നേടിയ അധികാരഗര്‍വില്‍ ആരെയും കൂസാതിരുന്ന ഒരു ഭരണ നേതൃത്വത്തിനെത്തിരെ അഞ്ച് വര്‍ഷക്കാലം നിരന്തരം, നിര്‍ഭയം പോരാടി, ഉപതെരഞ്ഞെടുപ്പുകളിലും, ലോക് സഭാതെരഞ്ഞെടുപ്പിലും, തദ്ദേശ തെരഞ്ഞെടുപ്പിലും അവസാനമായി നിയമസഭാതെരഞ്ഞെപ്പില്തന്നെയും പാര്‍ട്ടിക്ക് ചരിത്രവിജയം കൈവരിച്ചതിന്ശേഷം, മുഖ്യമന്ത്രി ആക്കേണ്ടത് ആരെയെന്നതില് പാര്‍ട്ടിക്ക് എന്താണ് ഇത്രയേറെ ആലോചിക്കേണ്ടി വരുന്നത്?
പാര്‍ട്ടിയില്‍ ഒപ്പം ഉള്ളവരുടെയോ, മന്ത്രിസഭയിലെ മറ്റുള്ളവരുടെയോ, ഘടകകക്ഷികളുടെയോ ആരുടെയും വാക്കുകള്‍ക്ക് വിലയില്ലാഞ്ഞ പിണറായിയുടെ ഭരണകാലത്ത്, പ്രതിപക്ഷത്തിന്റെ സ്വരത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യത നേടിയെടുത്ത് കോണ്‍ഗ്രസിനെയും, യുഡിഫിനെയും ഇക്കാലയളവിലെ ഓരോ തെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശന് അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി പാര്‍ട്ടി പരിഗണിക്കേണ്ട ഒരു രാഷ്ര്ടീയ സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ല. കൃത്യമായ പദ്ധതിയോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കി, പ്രഖ്യാപിച്ചത് പോലെ നൂറിലധികം സീറ്റില്‍ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുകയും ചെയ്ത ശേഷം എന്തടിസ്ഥാനത്തിലാണ് അദ്ദേഹത്തിനു മുഖ്യമന്ത്രി പദം നിരസിക്കുന്നത്?
ഏതു വിഷയത്തിലും കൃത്യമായ നിലപാടുള്ള വി.ഡി., തങ്ങളുടെ വരുതിയില്‍ പൂര്‍ണമായി നില്‍ക്കില്ലെന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ വിഹ്വലതയുടെ കൂടി സൃഷ്ടിയല്ലേ ഇത്തരം ഒരു ചര്‍ച്ച എന്ന ചിലരുടെ സംശയം തള്ളാവുന്നതല്ല. മുഖ്യമന്ത്രിപദത്തിലെ അനിശ്ചിതത്വം, ആരുടെ തലയിലുദിച്ച തിരക്കഥയായാലും, അത്, തലയെടുപ്പോടെ പൊതുധാരയില്‍ ഉയര്‍ന്നു വന്ന പാര്‍ട്ടിയുടെ ഒരു നേതാവിനെ, ശക്തനായ മുഖ്യമന്ത്രിയായി പൊതുധാരയില്‍ അവരോധിക്കുന്നതിനുള്ള അവസരം സ്വയം തട്ടിയകറ്റുന്നതായി. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്ന ഉറച്ച നിലപാട് എടുക്കാന്‍ സാധിച്ച ദേശീയ നേതൃത്വം, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഒരാളായിരിക്കും മുഖ്യമന്ത്രി എന്ന് പോലും പറയാതിരിക്കുന്നത് അങ്ങേയറ്റം അനുചിതവുമായി.
പഴയ നേതൃത്വം അതേപടി തുടരുന്നത്, അജയ്യനായി തുടര്‍ഭരണത്തിലേറിയ ഒരു നേതൃത്വത്തിനെതിരേ വിജയവഴി വെട്ടിത്തുറക്കാന്‍ അപര്യാപ്തം എന്ന ബോധ്യത്തില്‍ നിന്നാണ്, അഞ്ച് വര്‍ഷം മുന്‍പ് വി.ഡി. സതീശനെ കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തികൊണ്ടുവരുന്നത്. ഒടുവില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം അങ്ങേയറ്റം വിജയകരമായി പൂര്‍ത്തിയാക്കികഴിഞ്ഞപ്പോള്‍, മറ്റു താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നെങ്കില്‍ അത് അങ്ങേയറ്റത്തെ രാഷ്ട്രീയ നെറികേടായിരിക്കും.
നിലവില്‍, വി.ഡി. സതീശനെയല്ലാതെ വേറെ ആരെയെങ്കിലും കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയാക്കിയാല്‍, മുഖ്യമന്ത്രിയാക്കും എന്ന് പറഞ്ഞു വോട്ട് നേടി അധികാരം കിട്ടിയപ്പോള്‍ സി.പി.എം. കെ.ആര്. ഗൗരിയെ തഴഞ്ഞതിനു, സമാനമായ നടപടിയാകും അത്. മുന്‍പ് മന്ത്രിയായി ഇരുന്നുള്ള ഭരണ പരിചയം ഇല്ലെന്നത് കുറവാണെങ്കില്‍ ഈ കുറവ് നിലനില്‍ക്കേ എന്തിനാണ് പാര്‍ട്ടി പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തെ ഏല്‍പ്പിച്ചു പടനയിക്കാന്‍ ആവശ്യപ്പെട്ടത്? അധികാരം നേടിയെടുക്കുക, ശേഷം മാറിത്തരുക എന്നതാണോ പാര്‍ട്ടി പറഞ്ഞിരുന്നത്?!. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യത്തിനായി പടനയിച്ചു കോണ്‍ഗ്രസ്സിന്റെ സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യ മുഖമായി ഉയര്‍ന്നുവന്നിട്ടുള്ള നേതാവിനെ പാതിവഴിയില്‍ പുറംതള്ളിയാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമായിരിക്കില്ല എന്നത് പാര്‍ട്ടി നേതൃത്വം വിസ്മരിക്കരുത്.
മത - സമുദായ നേതാക്കളുമായി അവശ്യം വേണ്ട അകലം പാലിക്കുകയും, എന്നാല്‍ എല്ലാ മത വിശ്വാസികളെയും തുല്യ പരിഗണന നല്‍കുകയും ചെയ്യുന്ന നിലപാടിലൂടെ പൊതുസമൂഹത്തിന്റെ കൈയടി നേടിയ വി.ഡിയെ മുഖ്യമന്ത്രിപദത്തില്‍ നിന്ന്മാറ്റി നിര്‍ത്താന്‍, മത - സമുദായ നേതൃത്വങ്ങള്‍ ചരടുവലിക്കുന്ന സാഹചര്യത്തിലേക്ക്, മുഖ്യമന്ത്രി ചര്‍ച്ചയെ നീട്ടിക്കൊണ്ട് പോകുന്നത് കോണ്‍ഗ്രസിനെയും യു.ഡി.ഫിനെയും തെരഞ്ഞെടുത്ത ജനങ്ങള്‍ ആഗ്രഹിച്ചതല്ല.
ആരെയും കൂസാഞ്ഞ ഭരണനേതൃത്വത്തിനെതിരെ നിരന്തരം പോരാടി ജനവിശ്വാസം നേടി പാര്‍ട്ടിയെ അധികാരത്തില്‍ എത്തിച്ച നേതാവിനെ കറിവേപ്പില പോലെ തള്ളുന്ന രാഷ്ട്രീയ നെറികേട് കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്താല്‍, അത് ഐക്യ ജനാധിപത്യ മുന്നണിയെ വലിയ പ്രതീക്ഷയോടെ വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമായിരിക്കും. വി.ഡി. സതീശനെപോലെ സ്വീകാര്യനായ ഒരു നേതാവിനെതിരേ അത്തരമൊരു രാഷ്ര്ടീയ നെറികേട് ചെയ്യാതിരിക്കാനുള്ള വിവേകം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് ഉണ്ടായിരിക്കട്ടെ.
സ്വന്തം നിലയില്‍ ജനസ്വീകാര്യത കൈവരിച്ച സംസ്ഥാനനേതാക്കളെ ഒരു പരിധിക്കപ്പുറം വളരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുവദിക്കാറില്ല എന്ന പഴി അവര്‍ക്കുമേല്‍ പണ്ടേയുള്ളതാണ്. അത്തരം സങ്കുചിത സമീപനം ഇനിയും തുടര്‍ന്നാല്‍, മതേതര കക്ഷികള്‍ സ്ഥിരം വിജയം നേടുന്ന കേരളത്തില്‍ പോലും കോണ്‍ഗ്രസിന്റെ ഭാവി ശോഭനമായിരിക്കില്ല. ഒപ്പം, ഏറ്റവും സ്വീകാര്യനായ ജനനേതാവായി ഉയര്‍ന്നു വന്ന നേതാവിനെ പാര്‍ട്ടിക്ക് ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയാത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് ഖേദിക്കുന്ന കാലം വിദൂരമാകില്ല.
ജിജി ജോണ്‍ തോമസ്





