
ഒറ്റപ്പെട്ടൊരു സാമ്പത്തിക കോട്ട എന്ന നിലയില്‍ നിന്ന് ആഗോള വ്യാപാരത്തിന്റെ മുന്‍നിര ശക്‌തിയിലേക്കുള്ള ഇന്ത്യന്‍ വിപണിയുടെ പരിവര്‍ത്തനം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക സമ്പദ്‌വ്യവസ്‌ഥയിലെ ഏറ്റവും നിര്‍ണായകമായ ഘടനാപരമായ മാറ്റങ്ങളിലൊന്നാണ്.
അടച്ചുപൂട്ടപ്പെട്ടതും പ്രതിരോധത്തിലൂന്നിയതുമായ പഴയ സാമ്പത്തിക നിലപാടുകളില്‍ നിന്ന്, പുറംലോകത്തേക്ക് ഉറ്റുനോക്കുന്നതും ആഗോളതലത്തില്‍ സ്വാധീനമുറപ്പിക്കുന്നതുമായ ഒരു പുതിയ ശൈലിയിലേക്ക് ഇന്ത്യ ചുവടുമാറ്റിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ പാതയില്‍ ഒരുകാലത്ത് ശങ്കിച്ചുനിന്നിരുന്ന ഇന്ത്യ ഇന്ന് ആഗോള വിതരണ ശൃംഖലകളെ രൂപപ്പെടുത്തുന്ന ആത്മവിശ്വാസമുള്ള കരുത്തായി മാറിയിരിക്കുകയാണ്.
ദശകങ്ങളോളം ഇന്ത്യന്‍ വിപണിയെ വരിഞ്ഞുമുറുക്കിയിരുന്നത് 'ലൈസന്‍സ്‌പെര്‍മിറ്റ്‌ക്വാട്ട രാജ്' എന്നറിയപ്പെട്ടിരുന്ന കര്‍ക്കശമായ ഉദ്യോഗസ്‌ഥാധിപത്യ വ്യവസ്‌ഥയായിരുന്നു. വിദേശ മൂലധനത്തിന്റെ അധിനിവേശത്തില്‍ നിന്ന് ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ ഈ സംവിധാനം, കടുത്ത നിയന്ത്രണങ്ങളും ഉയര്‍ന്ന ഇറക്കുമതി തീരുവകളും കൊണ്ട് വിപണിയെ ശ്വാസം മുട്ടിച്ചു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ ഭൂരിഭാഗവും ഇന്ത്യ പിന്തുടര്‍ന്ന സാമ്പത്തിക നയം സ്വയംപര്യാപ്‌തതയിലും 'ഇറക്കുമതി ബദല്‍' (മറ്റുള്ളവരില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങള്‍ ആഭ്യന്തരമായി ഉത്‌പാദിപ്പിക്കുക) എന്ന തത്വത്തിലുമാണ് അധിഷ്‌ഠിതമായിരുന്നത്. ആഗോള വിപണികളോടുള്ള ആഴത്തിലുള്ള സംശയവും വിമുഖതയും അക്കാലത്തെ ഇന്ത്യയുടെ സാമ്പത്തിക നിലപാടുകളുടെ പ്രധാന സവിശേഷതയായിരുന്നു.
വ്യവസായ മേഖലയില്‍ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ പഴയ രീതികള്‍ക്ക് സാധിച്ചെങ്കിലും, അവ ആത്യന്തികമായി രാജ്യത്തെ തളര്‍ത്തുകയായിരുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക ശേഷിയും പ്രകടനവും തമ്മില്‍ എക്കാലത്തും വലിയൊരു അന്തരം നിലനിന്നിരുന്നു. ഈയൊരു സാഹചര്യത്തെയാണ് സാമ്പത്തിക ശാസ്ര്‌തജ്‌ഞനായ രാജ് കൃഷ്‌ണ 'ഹിന്ദു വളര്‍ച്ചാ നിരക്ക്' എന്ന് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്‌ക്കും ആവശ്യങ്ങള്‍ക്കും ഒപ്പമെത്താന്‍ കഴിയാതെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ അക്കാലത്ത് കിതച്ചുനില്‍ക്കുകയായിരുന്നു.
എന്നാല്‍ 1991ലെ സാമ്പത്തിക ഉദാരവല്‍ക്കരണം ഇന്ത്യയുടെ രൂപമാറ്റത്തിന് വഴിതെളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ അനിവാര്യത എന്ന നിലയില്‍ ആരംഭിച്ച ഈ മാറ്റങ്ങള്‍, പിന്നീട് രാജ്യത്തിന്റെ ഘടനയെത്തന്നെ പുനര്‍നിര്‍ണയിക്കുന്ന രീതിയിലേക്ക് വളര്‍ന്നു. ആഗോള സമ്പദ്‌വ്യവസ്‌ഥയില്‍ നിന്ന് ഒഴിഞ്ഞുമാറി നിന്നിരുന്ന ഇന്ത്യ, പതുക്കെ അതില്‍ പങ്കാളിയാവുകയും ഒടുവില്‍ ലോകവിപണിയില്‍ കരുത്തുറ്റ മത്സരാര്‍ത്ഥിയായി മാറുകയും ചെയ്‌തു.
ഈ മാറ്റം വെറുമൊരു സാമ്പത്തിക പരിഷ്‌കാരം മാത്രമായിരുന്നില്ല;മറിച്ച് രാജ്യത്തിന്റെ മനഃശാസ്ര്‌തപരമായ ഒരു ചുവടുമാറ്റം കൂടിയായിരുന്നു. ആഗോള വിപണിയുടെ സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനായി, ഇന്ത്യക്ക് തന്റെ അരക്ഷിതാവസ്‌ഥയും ആശങ്കകളും ഉപേക്ഷിക്കേണ്ടി വന്നു. കാലക്രമേണ ആഗോള വ്യാപാരവുമായും മൂലധന നിക്ഷേപങ്ങളുമായും സാങ്കേതിക ശൃംഖലകളുമായും ഇഴുകിച്ചേര്‍ന്നത് ഇന്ത്യയുടെ വളര്‍ച്ചാ ഗതിയെയും നഗരവല്‍ക്കരണത്തെയും സംരംഭകത്വ സംസ്‌കാരത്തെയും ആകെ മാറ്റിമറിച്ചു.
എന്നാല്‍ കഥ അവിടെ അവസാനിക്കുന്നില്ല. 2026ലെ ഇന്ത്യ, തടസങ്ങളെയെല്ലാം അതിജീവിച്ച് ലോകത്തെ ഏറ്റവും തുറന്നതും ഉദാരവല്‍ക്കരിക്കപ്പെട്ടതുമായ പ്രധാന വളരുന്ന സമ്പദ്‌വ്യവസ്‌ഥയായി മാറിയിരിക്കുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ യഥാര്‍ത്ഥ സാമ്പത്തിക പരമാധികാരം എന്നത് ഒറ്റപ്പെട്ടു നില്‍ക്കുന്നതിലല്ല, മറിച്ച് ആഗോളതലത്തിലുള്ള സജീവ പങ്കാളിത്തത്തിലാണെന്ന തിരിച്ചറിവാണ് ഈ പരിവര്‍ത്തനത്തിന് ആധാരമായത്. 1991ലെ പരിഷ്‌കാരങ്ങള്‍ സാമ്പത്തിക രംഗത്തിന്റെ വാതിലുകള്‍ തുറന്നിട്ടുവെങ്കില്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ ആ വാതിലുകളുടെ അതിര്‍വരമ്പുകള്‍ തന്നെ പൂര്‍ണമായും നീക്കം ചെയ്‌തിരിക്കുകയാണ്.
ഇന്ന് ഇന്ത്യ ആഗോള സാമ്പത്തിക പ്രവാഹങ്ങളിലെ വെറുമൊരു കാഴ്‌ചക്കാരനല്ല, മറിച്ച് ലോക സാമ്പത്തിക ക്രമത്തിന്റെ കേന്ദ്രബിന്ദുവാണ്. സേവന കയറ്റുമതി, ഡിജിറ്റല്‍ കരുത്ത്, ഉല്‍പ്പാദന മേഖലയിലെ ലക്ഷ്യങ്ങള്‍ എന്നിവയിലൂടെ ഇന്ത്യ കൈക്കൊള്ളുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ഇന്ന് രാജ്യാന്തര തലത്തില്‍ത്തന്നെ വലിയ ചലനങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. വിവിധ ബഹുരാഷ്‌ട്ര വേദികളിലായി യു.എ.ഇ, ഒമാന്‍, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിങ്‌ഡം, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായി ഇന്ത്യ സുപ്രധാനമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളില്‍ ഒപ്പുവച്ചു കഴിഞ്ഞു. കൂടാതെ, ന്യൂസിലന്‍ഡുമായും അമേരിക്കയുമായും തത്വത്തിലുള്ള കരാറുകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു.
ഇവ വെറും നികുതിയിളവുകള്‍ ലക്ഷ്യമിട്ടുള്ള കരാറുകള്‍ മാത്രമല്ല. മറിച്ച്, ചട്ടക്കൂടുകളില്‍ ഏകീകരണം കൊണ്ടുവരിക, പ്രഫഷണലുകളുടെ തടസമില്ലാത്ത വിദേശയാത്ര സുഗമമാക്കുക, ആധുനിക ഉല്‍പ്പാദന മേഖലയിലെ ഹൈടെക് ആഗോള മൂല്യ ശൃംഖലകളില്‍ ഇന്ത്യയുടെ സ്‌ഥാനം ഉറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ആഴത്തിലുള്ള സംയോജനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
ഇന്ത്യാ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന 'ആത്മനിര്‍ഭര്‍ ഭാരതം' അഥവാ സ്വയംപര്യാപ്‌തത എന്ന ആശയത്തിന് കൈവന്നിരിക്കുന്ന സൂക്ഷ്‌മവും അര്‍ഥവത്തുമായ മാറ്റമാണ് ഈ പരിവര്‍ത്തനത്തിന്റെ അടിസ്‌ഥാനം. അടച്ചുപൂട്ടപ്പെട്ട ഒരു സമ്പദ്‌വ്യവസ്‌ഥയല്ല , മറിച്ച് ആഗോളതലത്തിലുള്ള സജീവ പങ്കാളിത്തമാണ് യഥാര്‍ഥ സ്വയംപര്യാപ്‌തതയെന്ന് ഇന്ത്യന്‍ നേതൃത്വം ഇപ്പോള്‍ തിരിച്ചറിയുന്നു.
ഉല്‍പ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇലക്‌ട്രോണിക്‌സ്, സെമികണ്ടക്‌ടര്‍, ഹരിത ഊര്‍ജം തുടങ്ങിയ മേഖലകളിലെ ആഗോള വമ്പന്മാരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെ കേവലം ഒരു വിപണിയായി മാത്രം കാണാതെ, ലോകത്തേക്കുള്ള ഒരു പ്രധാന കയറ്റുമതി കേന്ദ്രമായി മാറ്റാനാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നത്.
പ്രതിരോധം, ബഹിരാകാശ ഗവേഷണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ പോലും വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. വിദേശ മൂലധനത്തെ ഭയപ്പെടുന്ന പഴയ രീതി വെടിഞ്ഞ്, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത മാനുഫാക്‌ചറിങ് ക്ലസ്‌റ്ററുകള്‍ക്ക് പകരമായി ലോകം ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നു.
ഇന്ത്യയുടെ ഈ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന് ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകും. ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളും വിതരണ ശൃംഖലയിലെ വെല്ലുവിളികളും കാരണം ആഗോള കമ്പനികള്‍ ഇന്ന് 'ചൈന പ്ലസ് വണ്‍' എന്ന നയം പിന്തുടരുകയാണ്. ഈ സാഹചര്യത്തില്‍ സുസ്‌ഥിരവും ജനാധിപത്യപരവും ലഘൂകരിക്കപ്പെട്ട നിയമങ്ങളുമുള്ള ഇന്ത്യ ഒരു മികച്ച പങ്കാളിയായി മാറുന്നു.
അതുകൊണ്ടുതന്നെ, ഇന്ത്യയുടെ തുറന്ന സമീപനത്തിന് ഇന്ന് വലിയ തന്ത്രപരമായ പ്രാധാന്യമുണ്ട്. ഒരു ആഭ്യന്തര പരിഷ്‌കരണ അജന്‍ഡ എന്ന നിലയില്‍ നിന്ന് ഈ മാറ്റം ഇന്ന് ഒരു ആഗോള അവസരമായി മാറിയിരിക്കുന്നു. രാജ്യത്തെ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ പൊതു സൗകര്യങ്ങളും പുതിയ വ്യാപാര കരാറുകളും തമ്മിലുള്ള സമന്വയം സൂചിപ്പിക്കുന്നത് ഇന്ത്യ ലോകത്തിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ നെടുംതൂണായി മാറുമെന്നാണ്. വ്യാപാര കരാറുകളിലൂടെ ഇറക്കുമതി ചെലവ് കുറച്ച്, സ്വന്തം കയറ്റുമതിയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഈ വികസന ചക്രം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയെ ഒരു വികസിത സമ്പദ്‌വ്യവസ്‌ഥയിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്. വിശാലവും സുസ്‌ഥിരവുമായ ജനാധിപത്യം, യുവശക്‌തിയുടെ കരുത്ത്, മെച്ചപ്പെട്ട അടിസ്‌ഥാന സൗകര്യങ്ങള്‍, സുതാര്യവും പ്രവചനീയവുമായ നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവയുടെ സവിശേഷമായ കൂടിച്ചേരല്‍ ഇന്ത്യയെ വെറുമൊരു 'ചൈനീസ് ബദല്‍' എന്നതിലുപരി ആഗോള വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാക്കി മാറ്റുന്നു. ഉല്‍പ്പാദന മേഖലയ്‌ക്ക് ഉണര്‍വേകുന്ന പി.എല്‍.ഐ പദ്ധതികള്‍, ഡിജിറ്റല്‍ പൊതു അടിസ്‌ഥാന സൗകര്യങ്ങള്‍, വിപുലമാകുന്ന ലോജിസ്‌റ്റിക് ശൃംഖല എന്നിവ ആഗോളതലത്തില്‍ ഇന്ത്യയുടെ ഈ സ്‌ഥാനം കൂടുതല്‍ ഉറപ്പിക്കുന്നു.
എന്നാല്‍, ലോകത്തിലെ ഏറ്റവും ഉദാരവല്‍ക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്‌ഥയിലേക്കുള്ള ഈ പ്രയാണം വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഉന്നതതല വ്യാപാര കരാറുകളുടെ ലക്ഷ്യപ്രാപ്‌തിയിലെത്തണമെങ്കില്‍ 'അവസാന വട്ട പരിഷ്‌കാരങ്ങള്‍' കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കല്‍, തൊഴില്‍ നിയമങ്ങള്‍, ഉയര്‍ന്ന ലോജിസ്‌റ്റിക്‌സ് ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കുന്നതിനൊപ്പം നയപരമായ സ്‌ഥിരത ഉറപ്പാക്കുക എന്നതുമാണ് ഇന്ത്യയ്‌ക്ക് മുന്നിലുള്ള പ്രധാന ദൗത്യം.
സംരക്ഷണാത്മകമായ മനോഭാവത്തില്‍ നിന്നും ഉദാരവല്‍ക്കരണത്തിലേക്കുള്ള ചുവടുമാറ്റം, ദുര്‍ബലമായ കാര്‍ഷിക ഉപജീവനമാര്‍ഗങ്ങളെ സംരക്ഷിക്കുന്നതും ആഗോള മത്സരത്തിന്റെ 'സര്‍ഗാത്മകമായ തകര്‍ച്ചകളെ' ഉള്‍ക്കൊള്ളുന്നതും തമ്മിലുള്ള നിരന്തരമായ ഒരു സന്തുലിതാവസ്‌ഥ ആവശ്യപ്പെടുന്നുണ്ട്. എങ്കിലും, ഈ മാറ്റത്തിന്റെ വേഗത തടയാനാവാത്തതാണ്. പ്രതിരോധത്തിലൂന്നിയ ഒറ്റപ്പെടലില്‍ നിന്നും തന്ത്രപരമായ ആഗോള സംയോജനത്തിലേക്ക് ഇന്ത്യയുടെ സാമ്പത്തിക നയം നിര്‍ണായകമായി മാറിക്കഴിഞ്ഞു.
ആഗോള മത്സരത്തെ ഭയപ്പെട്ടിരുന്നിടത്തുനിന്ന് അതിനെ പ്രയോജനപ്പെടുത്തുന്നതിലേക്കും;വിദേശ മൂലധനത്തെ എതിര്‍ത്തിരുന്നിടത്തുനിന്ന് അതിനെ സ്വാഗതം ചെയ്യുന്നതിലേക്കും ഇന്ത്യ വളര്‍ന്നു. ആഭ്യന്തരമായ അപ്രായോഗികതകളെ സംരക്ഷിക്കുന്നതിന് പകരം ആഗോളതലത്തിലുള്ള മത്സരക്ഷമത കെട്ടിപ്പടുക്കുന്നതിലേക്കും, ആഗോളവല്‍ക്കരണത്താല്‍ നയിക്കപ്പെട്ടിരുന്ന അവസ്‌ഥയില്‍ നിന്ന് അതിന്റെ അടുത്ത ഘട്ടത്തെ നിര്‍വചിക്കുന്ന ശക്‌തിയായും ഇന്ത്യ പരിണമിച്ചു.
ഈ പ്രയാണത്തിന്റെ ദിശ വ്യക്‌തമാണ്. ആഗോള ക്രമത്തില്‍ ഇന്ത്യ ഇനിമുതല്‍ കേവലം ഒരു കാഴ്‌ചക്കാരനല്ല, മറിച്ച് അതിന്റെ ഭാവി രൂപകല്‍പ്പന ചെയ്യുന്ന പ്രധാന ശില്‌പികളിലൊരാളാണ്.
ശശി തരൂര്‍




