
കൊല്‍ക്കത്ത: ബംഗാളില്‍ പുതിയചരിത്രമെഴുതി ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. രാവിലെ 11 മണിയോടെ കൊല്‍ക്കത്തയില്‍ നടന്ന സത്യപ്രതിഞ്ജാ ചടങ്ങില്‍ സുവേന്ദുഅധികാരി മുഖ്യമന്ത്രിയായി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത്ഷായുടേയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തരുടേയും സാന്നിദ്ധ്യത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ആര്‍എന്‍ രവിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അതിന് ശേഷം പ്രധാനമന്ത്രിയുടെ അനുഗ്രഹം വാങ്ങി. ബംഗാളില്‍ ഒരു പുതിയ ചരിത്രമാണ് പിറന്നിരിക്കുന്നത്. 1980 ല്‍ ബംഗാളില്‍ എത്തിയ ബിജെപി ഇതാദ്യമായിട്ടാണ് അധികാരത്തിലേക്ക എത്തുന്നത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ 15 വര്‍ഷം നീണ്ട തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ബി.ജെ.പി. ഐതിഹാസികവിജയം നേടിയത്. തെരഞ്ഞെടുപ്പില്‍ മമതയെ തോല്‍പ്പിച്ചതിന് പിന്നാലെ സുവേന്ദു അധികാരിയെത്തന്നെ മുഖ്യമന്ത്രിയായും തെരഞ്ഞെടുത്തു.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു 2020-ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. പിന്നീട് മമതയുടെ ഏറ്റവും വലിയ എതിരാളിയും സംസ്ഥാനത്തു ബി.ജെ.പിയുടെ മുഖവുമായി മാറുകയായിരുന്നു. 2021-ല്‍ മമതയെ നന്ദിഗ്രാമില്‍ തോല്‍പ്പിച്ച സുവേന്ദു ഈ തെരഞ്ഞെടുപ്പില്‍ അവരുടെ തട്ടകമായ ഭവാനിപ്പൂരിലും തോല്‍പ്പിച്ചു. 15,000 വോട്ടിന്റെ ഉജ്ജ്വലവിജയമാണ് സുവേന്ദു അധികാരി നേടിയത്. നേരത്തേ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി വേദിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സുവേന്ദു അധികാരിക്കൊപ്പം അഞ്ചു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ഉപമുഖ്യമന്ത്രിയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും മനസ്സിലാക്കുന്നത്.






