
മയാമി: പുതിയ ഹോം ഗ്രൗണ്ടായ 'ന്യൂ സ്റ്റേഡിയത്തില്‍' തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്ക് വിരാമമിട്ട് ഇന്റര്‍ മയാമിക്ക് ആധികാരിക വിജയം. പോര്‍ട്ട്ലാന്‍ഡ് ടിമ്പേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മയാമി തങ്ങളുടെ പുതിയ താവളത്തിലെ ആദ്യ ജയം ആഘോഷമാക്കിയത്. ഒരു ഗോളും മറ്റൊരു ഗോളിന് വഴിമരുന്നിട്ടും (അസിസ്റ്റ്) സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെയാണ് മത്സരത്തിലെ വിജയശില്പിയായത്. തോല്‍വികളില്‍ മനംമടുത്ത് കളിക്ക് മുന്‍പ് പ്രതിഷേധിച്ച കാണികള്‍ ഒടുവില്‍ മെസ്സിയുടെ മാന്ത്രിക പ്രകടനത്തിന് മുന്നില്‍ ഹര്‍ഷാരവങ്ങളോടെ കീഴടങ്ങുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പുതിയ സ്റ്റേഡിയത്തില്‍ കളിച്ച് തീര്‍ത്ത നാല് മത്സരങ്ങളിലും വിജയം അകന്നുനിന്ന മയാമിക്ക്, ഒരു മാസത്തിലധികമായി തുടരുന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടാന്‍ ഞായറാഴ്ചത്തെ ഈ മത്സരം അനിവാര്യമായിരുന്നു. മത്സരത്തിന്റെ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മെസ്സിയിലൂടെ മയാമി ആദ്യ വെടിപൊട്ടിച്ചു. സഹതാരം ലൂയിസ് സുവാരസിലേക്ക് പന്ത് കൈമാറി മെസ്സി തന്നെയാണ് ആ മുന്നേറ്റത്തിന് തുടക്കമിട്ടത്. തിരികെ പെനാല്‍റ്റി ബോക്സിന് സമീപം പന്ത് സ്വീകരിച്ച താരം തന്റെ വിഖ്യാതമായ ഇടംകാല് ഷോട്ടിലൂടെ അത് വലയിലെത്തിക്കുകയായിരുന്നു.
ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുന്‍പ് മെസ്സി അടുത്ത നീക്കം നടത്തി. സുവാരസുമായി ചേര്‍ന്ന് ബോക്സിനുള്ളിലേക്ക് കുതിച്ച താരം പോര്‍ട്ട്ലാന്‍ഡ് പ്രതിരോധ നിരയെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിച്ച ശേഷം, ഒപ്പമുണ്ടായിരുന്ന മെക്സിക്കന്‍ താരം ജെര്‍മന്‍ ബെര്ട്ടെറെമിന് കൃത്യമായ പാസ് നല്കി. ബെര്ട്ടെറെം അത് എളുപ്പത്തില്‍ ഗോളാക്കി മാറ്റുകയും ചെയ്തു. ഇന്‍ജുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്ക് പോര്‍ട്ട്ലാന്‍ഡ് ഗോളി ജെയിംസ് പാന്റെമിസ് അവിശ്വസനീയമായി രക്ഷപെടുത്തിയില്ലായിരുന്നെങ്കില്‍ മെസ്സിക്ക് മത്സരത്തില്‍ രണ്ടാം ഗോള്‍ സ്വന്തമാക്കാമായിരുന്നു. ഇതോടെ ഈ സീസണില്‍ മെസ്സിയുടെ ആകെ സമ്പാദ്യം 12 ഗോളുകളും 6 അസിസ്റ്റുകളുമായി ഉയര്‍ന്നു.
തുടര്‍ച്ചയായ സമനിലകളും, തൊട്ടുമുന്‍പത്തെ മത്സരത്തില്‍ ചിരവൈരികളായ ഒര്‍ലാന്‍ഡോ സിറ്റിയോട് 4-3 ന് വഴങ്ങിയ തോല്‍വിയും മയാമി ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം താരങ്ങള്‍ തങ്ങളെ അഭിവാദ്യം ചെയ്യുന്നില്ലെന്ന പരാതിയുമായി ഒരു വിഭാഗം ആരാധകര്‍ ഗാലറിയില്‍ പ്രതിഷേധ ഗാനങ്ങള്‍ പാടിയിരുന്നു. എന്നാല്‍ മത്സരം പുരോഗമിക്കവെ മെസ്സിയുടെ കളിമികവും, സഹതാരം റോഡ്രിഗോ ഡി പോളിന്റെ പ്രോത്സാഹനവും ആരാധകരെ വീണ്ടും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. അന്താരാഷ്ട്ര ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വേണ്ടി ഇടവേളയ്ക്ക് മുന്‍പ് ഇന്റര്‍ മയാമിക്ക് ഇനി ഒരൊറ്റ മത്സരം മാത്രമാണ് ശേഷിക്കുന്നത്. ഫിലാഡല്‍ഫിയ യൂണിയനെതിരെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഈ മത്സരത്തിന് ശേഷം ലയണല്‍ മെസ്സിയും ഡി പോളും അര്‍ജന്റീന ദേശീയ ടീമിനൊപ്പം ചേരാന്‍ പുറപ്പെടും.






