
കൊച്ചി: രാജ്മോഹൻ ഉണ്ണിത്താനു മുന്നിൽ താൻ അൽപ്പൻ തന്നെയാണെന്ന് മാത്യു കുഴൽനാടൻ. അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാവാണ്. അതിനാൽ വിമർശനങ്ങൾക്ക് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. മുസ്ലീം ലീഗിനെക്കുറിച്ച് പ്രത്യേക സാഹചര്യത്തിലാണ് താൻ അഭിപ്രായപ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ ലീഗ് അഭിപ്രായം പറഞ്ഞതിനെ വിമർശിച്ച് കുഴൽനാടൻ രംഗത്തുവന്നതിനെതിരെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. അൽപ്പന് ഐശ്വര്യം വന്നാൽ അർധരാത്രിയും കുടപിടിക്കും എന്നായിരുന്നു പ്രതികരണം.
പ്രിയങ്കാ ഗാന്ധി വയനാടിന്റെയും താന്‍ കാസര്‍കോടിന്റെയും എംപിയാണ്. കെ സുധാകരന് കണ്ണൂരിന്റെയും ഷാഫി പറമ്പില്‍ വടകരയിലെയും എംപിയാണ്. അനില്‍ കുമാര്‍ വണ്ടൂര്‍ എംഎല്‍എയാണ്. അങ്ങനെയിരിക്കെ, കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് അഭിപ്രായം പറയേണ്ടെന്ന് തങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പറയാനാകുമോയെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ചോദിച്ചു.
യുഡിഎഫ് അധികാരത്തിൽ വരുന്നത് ന്യൂനപക്ഷങ്ങൾ സഹായിച്ചതുകൊണ്ടാണ്. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. അതിനാൽ അവർക്ക് രഹസ്യമായും പരസ്യമായും അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു.






