2026 മേയ് 10 തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി രേഖപ്പെടുത്തപ്പെടുകയാണ്. ആറ് പതിറ്റാണ്ട് തമിഴ്മണ്ണില്‍ മാറിമാറി ഭരിച്ച ദ്രാവിഡ രാഷ്ട്രീയത്തിലെ വന്മരങ്ങളായ ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയെയും അപ്രസക്തമാക്കി, ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തില്‍ സി. ജോസഫ് വിജയ് എന്ന 'തമിഴക വെട്രി കഴകം' (ടി.വി.കെ) നേതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. സിനിമയിലെ സൂപ്പര്‍താര പദവിയില്‍ നിന്ന് സംസ്ഥാനത്തിന്റെ ഭരണത്തലപ്പത്തേക്കുള്ള വിജയ്യുടെ ഈ മാറ്റം കേവലം ഒരു അധികാര കൈമാറ്റമല്ല, മറിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിമാറ്റമാണ്. എന്നാല്‍, ആവേശത്തിനപ്പുറം കനല് വിരിച്ച പാതയിലൂടെയാണ് ഈ പുതിയ മുഖ്യമന്ത്രിക്കു സഞ്ചരിക്കേണ്ടത്.
തെരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭരിക്കാനാവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാന്‍ വിജയ് ആശ്രയിച്ചിരിക്കുന്നത് കോണ്‍ഗ്രസ്, വി.സി.കെ, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരെയാണ്. കേവല ഭൂരിപക്ഷത്തിന് തൊട്ടരികില്‍ നില്ക്കുന്ന ഒരു സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോവുക എന്നത് വലിയൊരു രാഷ്ട്രീയ സര്‍ക്കസാണ്. മേയ് 13നകം ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം വിജയ്ക്കു മുന്നിലെ ആദ്യ കടമ്പയാണ്. സഖ്യകക്ഷികളുടെ ആവശ്യങ്ങളും സ്വന്തം പാര്‍ട്ടിയുടെ നയങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നത് ഭരണനിര്‍വഹണത്തില്‍ വലിയൊരു വെല്ലുവിളിയാകും.
വിജയ് നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനവും വെല്ലുവിളിയും അദ്ദേഹത്തിന് ഭരണപരിചയമില്ല എന്നതാണ്. സിനിമയിലെ നായകനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും തമ്മില്‍ വലിയ അന്തരമുണ്ട്. ദശാബ്ദങ്ങളായി ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥ സംവിധാനത്തെ തന്റെ വികസന കാഴ്ചപ്പാടുകള്‍ക്കൊപ്പം കൊണ്ടുവരിക എന്നത് എളുപ്പമല്ല. അഴിമതിയില്ലാത്ത ഭരണം വാഗ്ദാനം ചെയ്ത വിജയ്ക്കു മുന്നില്‍ സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ നീക്കം ചെയ്യുക എന്ന കഠിനമായ ദൗത്യമാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്കായുള്ള പ്രത്യേക സുരക്ഷാ സേന, ലഹരിവിമുക്ത തമിഴ്നാട് തുടങ്ങിയ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ വിജയ് നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് സംസ്ഥാനത്തിനു വലിയ ബാധ്യതയാകും. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന മണ്ഡല പുനര്‍നിര്‍ണയം പോലുള്ള നീക്കങ്ങളെയും നീറ്റ് പരീക്ഷാ വിഷയങ്ങളെയും എങ്ങനെ നേരിടും എന്നത് വിജയ്യുടെ രാഷ്ട്രീയ നിലപാടുകളുടെ മാറ്റുരയ്ക്കും.
പെരിയാര്‍, അംബേദ്കര്‍, കാമരാജ് എന്നിവരുടെ ആശയങ്ങളാണു തന്റെ പാര്‍ട്ടിയുടെ അടിത്തറയെന്നു പ്രഖ്യാപിച്ച വിജയ്, ഡി.എം.കെയുടെ സാമൂഹിക നീതി എന്ന മുദ്രാവാക്യത്തെ എങ്ങനെ മറികടക്കും എന്നതു കൗതുകകരമാണ്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകള്‍ തമിഴ് വികാരത്തിലാണ്. അവിടെ സിനിമയിലെ പ്രശസ്തി കൊണ്ട് മാത്രം നിലനില്ക്കാനാവില്ലെന്ന് എം.ജി.ആറിന് ശേഷമുള്ള ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും അടങ്ങുന്ന കരുത്തുറ്റ പ്രതിപക്ഷത്തെ നിയമസഭയില്‍ നേരിടുക എന്നതും വിജയ്യുടെ രാഷ്ട്രീയ പക്വതയ്ക്കുള്ള പരീക്ഷണമാകും.
തമിഴ് ജനത പുതിയൊരു മാറ്റത്തിനായി വിജയ്ക്ക് വോട്ട് നല്‍കിക്കഴിഞ്ഞു. എന്നാല്‍, സ്ക്രീനിലെ മാസ് ഡയലോഗുകളെക്കാള്‍ കരുത്തുറ്റ തീരുമാനങ്ങളാണു ഭരണസിരാകേന്ദ്രമായ സെന്റ് ജോര്‍ജ് കോട്ടയില്‍ നിന്ന് ഇനി ഉണ്ടാകേണ്ടത്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തി, വാഗ്ദാനങ്ങള്‍ പാലിച്ച്, ഒരു മികച്ച ഭരണാധികാരിയായി മാറാന്‍ വിജയ്ക്ക് സാധിക്കുമോ എന്നാണ് തമിഴകം ഉറ്റുനോക്കുന്നത്. സിനിമയിലെ 'ദളപതി'യില്‍ നിന്ന് ജനങ്ങളുടെ 'മുഖ്യമന്ത്രി'യിലേക്കുള്ള ദൂരം വിജയ് എങ്ങനെ മറികടക്കുന്നു എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ വലിയൊരു പാഠമായിരിക്കും.





