
വിദേശയാത്രകളില്‍ നമ്മള് പലപ്പോഴും നേരിടാറുള്ള ഒരു പ്രധാന തലവേദനയാണ് റിസോര്‍ട്ടുകളിലെ 'സീറ്റ് പിടുത്തം'. രാവിലെ തന്നെ ആളില്ലാത്ത കസേരകളില്‍ ടവലുകള്‍ വിരിച്ച് സ്ഥലം റിസര്‍വ് ചെയ്യുന്ന ഈ രീതി പലരുടെയും അവധിക്കാലം നശിപ്പിക്കാറുണ്ട്. എന്നാല്‍, ഇത്തരം അനീതികള്‍ക്കെതിരെ നിയമപരമായി പോരാടി വിജയിച്ച ഒരു ജര്‍മ്മന്‍ സ്വദേശിയുടെ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ ജര്‍മ്മന്‍ സ്വദേശിക്ക് പൂള് സൈഡില്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ടൂര്‍ ഓപ്പറേറ്റര്‍ ഒരു ലക്ഷം രൂപ (1,200 ഡോളര്‍) നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു.
2024 ഓഗസ്റ്റില്‍ ഗ്രീസിലെ കോസ് ദ്വീപില്‍ 11 ദിവസത്തെ അവധിക്കാലത്തിനായി എത്തിയ ജര്‍മ്മന്‍ കുടുംബത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഏകദേശം ഏഴ് ലക്ഷം രൂപ ചിലവാക്കിയ പാക്കേജായിരുന്നിട്ടും, റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളിനരികില്‍ ഇരിക്കാന്‍ ഇവര്‍ക്ക് കസേരകള്‍ ലഭിച്ചിരുന്നില്ല. കഠിനമായ ചൂടിലും സണ്‍ ലോഞ്ചറുകള്‍ കിട്ടാത്തതിനാല്‍ കുട്ടികള്‍ക്ക് തറയില്‍ ടവല്‍ വിരിച്ച് ഇരിക്കേണ്ടി വന്നു. രാവിലെ ആറ് മണിക്ക് തന്നെ സീറ്റ് പിടിക്കാന്‍ എത്തുമ്പോഴേക്കും മറ്റുള്ളവര്‍ ടവലുകള്‍ വിരിച്ച് കസേരകള്‍ റിസര്‍വ് ചെയ്യുന്നതായിരുന്നു പ്രധാന പ്രശ്നം. ആളുകള്‍ ഇല്ലാതിരുന്നിട്ടും ഇത്തരത്തില്‍ സീറ്റുകള്‍ തടഞ്ഞുവെക്കുന്നത് തടയാന്‍ റിസോര്‍ട്ട് അധികൃതര്‍ തയ്യാറായില്ല. 11 ദിവസത്തെ യാത്രയില്‍ ആകെ ഒരു തവണ മാത്രമാണ് ഇവര്‍ക്ക് കസേര ലഭിച്ചത്.
ഇതേത്തുടര്‍ന്ന് കുടുംബം ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു. ഹോട്ടലിലെ പ്രശ്നങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന ടൂര്‍ ഏജന്‍സിയുടെ വാദം ഹാനോവര്‍ ഡിസ്ട്രിക്റ്റ് കോടതി തള്ളി. അതിഥികളുടെ എണ്ണത്തിനനുസരിച്ച് കസേരകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഏജന്‍സിക്ക് ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മുതിര്‍ന്നവരെപ്പോലെ തന്നെ ഒന്‍പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കും സണ്‍ ലോഞ്ചറുകളില്‍ ഇരിക്കാന്‍ തുല്യ അവകാശമുണ്ടെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി 1,200 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. വിദേശ റിസോര്‍ട്ടുകളില്‍ വ്യാപകമായ 'ടവല്‍ ഉപയോഗിച്ച് സീറ്റ് പിടിക്കുന്ന' രീതിക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ വിധി മാറി.






