
ഡല്‍ഹിയിലെ കീര്‍ത്തി നഗറില്‍ തെരുവുനായയെ തല്ലിക്കൊന്ന സെക്യൂരിറ്റി ഗാര്‍ഡിനെ ആനിമല്‍ വെല്‍ഫെയര്‍ ആക്ടിവിസ്റ്റ് പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെയ് 9ന് രാവിലെ നടന്ന സംഭവത്തില്‍ ആക്ടിവിസ്റ്റായ ജസ്മീത് കൗര്‍ അറോറയാണ് സെക്യൂരിറ്റി ഗാര്‍ഡിനെ ചെരുപ്പുകൊണ്ട് അടിച്ചത്. നായയെ കൊന്നിട്ടും ഗാര്‍ഡിനെതിരെ നടപടിയെടുക്കാത്ത പോലീസിനെ സാക്ഷിനിര്‍ത്തിയായിരുന്നു യുവതിയുടെ ഈ പ്രതിഷേധം.
പ്രദേശത്തെ ഒരു തെരുവുനായയെ ഗാര്‍ഡ് വടികൊണ്ട് അടിച്ചുകൊന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വര്‍ഷങ്ങളായി നായ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജസ്മീത് വിവരം അറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. നായയെ കൊന്നിട്ടും ഇയാള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതാണ് നിയമം കയ്യിലെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഒരു മിണ്ടാപ്രാണിയെ ക്രൂരമായി കൊന്നയാള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും, നീതി നടപ്പിലാക്കാന്‍ വൈകുന്ന പോലീസ് സംവിധാനത്തിന്റെ പരാജയമാണിതെന്നും ഒരു വിഭാഗം യുവതിയെ അനുകൂലിച്ച് വാദിക്കുന്നു.
അതേസമയം, യൂണിഫോമിലുള്ള ഒരു വ്യക്തിയെ പരസ്യമായി മര്‍ദ്ദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും പോലീസ് നോക്കിനിന്നത് തെറ്റായ കീഴ്വഴക്കമാണെന്നും വിമര്‍ശകര്‍ പറയുന്നു. മൃഗസ്നേഹത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഇവരുടെ പക്ഷം.






