
ന്യൂഡൽഹി: മധ്യപൂർവേഷ്യൻ പ്രതിസന്ധി നേരിടാൻ ‘കോവിഡ് കാല നടപടികൾക്ക്’ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്താരാഷ്ട്ര സംഘർഷങ്ങൾ മൂലമുണ്ടാകുന്ന ആഗോള സാമ്പത്തിക തടസ്സങ്ങൾ, വിതരണ ശൃംഖലയിലെ വെല്ലുവിളികൾ, വിലക്കയറ്റം എന്നിവയെ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് പൗരന്മാരുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഞായറാഴ്ച തെലങ്കാനയിലെ ഏകദേശം 9,400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് ഹൈദരാബാദിൽ സംസാരിക്കവെ ആണ് പ്രധാനമന്ത്രി സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് പറഞ്ഞത്.
മധ്യപൂർവേഷ്യൻ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും എണ്ണ വിപണിയെ തകിടം മറിക്കുകയും ചെയ്ത സാഹചര്യത്തിൽ, പൊതുഗതാഗതം ഉപയോഗിച്ചും അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കിയും സ്വർണ്ണ വാങ്ങൽ നിയന്ത്രിച്ചും ഇന്ധനവും വിദേശനാണ്യ ശേഖരവും ലാഭിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.
"രാജ്യസ്നേഹം എന്നത് അതിർത്തിയിൽ ജീവൻ ബലികഴിക്കാൻ തയ്യാറാകുന്നത് മാത്രമല്ല. ഇത്തരം ഘട്ടങ്ങളിൽ, ഉത്തരവാദിത്തത്തോടെ ജീവിക്കുന്നതും ദൈനംദിന ജീവിതത്തിൽ രാജ്യത്തോടുള്ള കടമകൾ നിറവേറ്റുന്നതുമാണ് യഥാർത്ഥ രാജ്യസ്നേഹം," ഹൈദരാബാദിൽ വെച്ച് പ്രധാനമന്ത്രി പറഞ്ഞു.
മെട്രോകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ലഭ്യമായ ഇടങ്ങളിൽ അവ ഉപയോഗപ്പെടുത്തിയും, കാർ പൂളിംഗ് പ്രോത്സാഹിപ്പിച്ചും പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാധനങ്ങൾ കൊണ്ടുപോകുന്നതിന് റെയിൽവേയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. വർക്ക് ഫ്രം ഹോം (WFH), ഓൺലൈൻ കോൺഫറൻസുകൾ, വെർച്വൽ മീറ്റിംഗുകൾ എന്നിവയുൾപ്പെടെ കോവിഡ് കാലത്തെ കാര്യക്ഷമമായ നടപടികൾ ദേശീയ താല്പര്യാർത്ഥം പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ വിനോദയാത്രകളും വിദേശത്തെ വിവാഹങ്ങളും ഒഴിവാക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു വർഷത്തേക്ക് അത്യാവശ്യമല്ലാത്ത സ്വർണ്ണ വാങ്ങലുകൾ ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും വ്യക്തിഗത ആരോഗ്യത്തിനും ഗുണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാദരക്ഷകൾ, ബാഗുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. കൃഷിയിൽ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനം കുറയ്ക്കാനും ഡീസൽ പമ്പുകൾക്ക് പകരം സോളാർ പമ്പുകൾ ഉപയോഗിക്കാനും കർഷകരോട് അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര ടൂറിസം തിരഞ്ഞെടുക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
മധ്യപൂർവേഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിന് അത്യന്താപേക്ഷിതമായ ഹോർമുസ് കടലിടുക്ക്, യുഎസ്-ഇസ്രായേൽ സൈന്യവും ഇറാനും തമ്മിലുള്ള കടുത്ത യുദ്ധത്തെത്തുടർന്ന് രണ്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ഇത് എണ്ണവില കുതിച്ചുയരാൻ കാരണമായി. എണ്ണവിലയിലുണ്ടായ ആഘാതം മറ്റ് ഇറക്കുമതി സാധനങ്ങളുടെ വിലയെയും ബാധിച്ചത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കുറയാൻ ഇടയാക്കി.
കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തെഹ്റാനിന് ടോൾ നൽകുന്ന കപ്പലുകളെ തടയുമെന്ന് യുഎസും പ്രഖ്യാപിച്ചു. ഏകദേശം 1,500 കപ്പലുകളും അവയിലെ ജീവനക്കാരും ഇറാൻ ഉപരോധം മൂലം ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു.






