
ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വിവാഹവിരുന്നിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലിയുണ്ടായ നിസ്സാര കലഹം ഒടുവിൽ ഒരു യുവാവിന്റെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മുനിസിപ്പൽ ജീവനക്കാരന്റെ മകളുടെ വിവാഹച്ചടങ്ങിനിടെ ഡിജെ ഗാനങ്ങൾ പാടുന്നതിനെച്ചൊല്ലിയാണ് ആദ്യം തർക്കം തുടങ്ങിയത്. പിന്നീട് അത്താഴസമയത്ത് ഒരു അതിഥിക്ക് ചിക്കൻ ലെഗ് പീസ് ലഭിക്കാത്തതിനെച്ചൊല്ലി വാക്കേറ്റം രൂക്ഷമായി. തർക്കം കൈവിട്ടുപോയതോടെ ഇരുവിഭാഗവും കല്ലുകൾ, ബെൽറ്റുകൾ, മുളവടികൾ, വാളുകൾ എന്നിവയുമായി പരസ്പരം ഏറ്റുമുട്ടി. ഇതോടെ വിവാഹവേദി നിമിഷനേരം കൊണ്ട് ഒരു യുദ്ധക്കളമായി മാറി.
ഈ സംഘർഷത്തിനിടയിലാണ് വരന്റെ ബന്ധുവായ സുമിത് എന്ന ഇരുപത്തിയഞ്ചുകാരന് മാരകമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ സുമിത് മരണപ്പെട്ടു. മൂന്ന് മാസം മുമ്പായിരുന്നു സുമിത്തിന്റെ വിവാഹം കഴിഞ്ഞത്. മൊബൈൽകടയിലെ ജീവനക്കാരനായിരുന്ന സുമിത്തായിരുന്നു കുടുംബം നോക്കിയിരുന്നത്. മറ്റൊരു യുവാവിനും സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.






