
ചെന്നൈ: ശ്രീലങ്കന്‍ തമിഴ്പുലി തലവന്‍ വേലുപിള്ളൈ പ്രഭാകരന് ചരമവാര്‍ഷികത്തില്‍ ആദരം അര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പുലിവാല് പിടിക്കുന്നു. ആഗോള ലങ്കന്‍ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മേയ് 18 മുല്ലിവൈക്കാല്‍ അനുസ്മരണ ദിനമായി അല്ലെങ്കില്‍ തമിഴ് വംശഹത്യ അനുസ്മരണ ദിനമായി ആചരിക്കുന്ന വേളയിലായിരുന്നു വിജയ് യുടെ പ്രതികരണം.
'മുല്ലിവൈക്കാലിന്റെ ഓര്‍മ്മകള്‍ നമ്മള്‍ ഹൃദയത്തില്‍ സൂക്ഷിക്കും! കടലിനക്കരെ ജീവിക്കുന്ന നമ്മുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കായി നമ്മള്‍ എപ്പോഴും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളും!' എന്നായിരുന്നു എക്‌സില്‍ വിജയ് കുറിച്ചത്. അതേസമയം 1991-ല്‍ കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും പിതാവും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി എല്‍.ടി.ടി.ഇ യെ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്.
രാജീവ്ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായാണ് ഇന്ത്യ പ്രഭാകരനെ കരുതുന്നത്. എന്നാല്‍ ആഗോള ലങ്കന്‍ തമിഴ് ജനതയും ഇന്ത്യയിലെ ഒരു വിഭാഗം തമിഴരും മേയ് 18 മുല്ലിവൈക്കാല്‍ അനുസ്മരണ ദിനമായി അല്ലെങ്കില്‍ തമിഴ് വംശഹത്യ അനുസ്മരണ ദിനമായി ആചരിക്കുന്നു. വിജയ് യെ സര്‍ക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനും ആദ്യം പിന്തുണ നല്‍കിയ പാര്‍ട്ടികളില്‍ ഒന്ന് കോണ്‍ഗ്രസായിരുന്നു.
ശ്രീലങ്കയില്‍ വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ലങ്കന്‍ തമിഴര്‍ക്ക് പ്രത്യേക ജന്മനാട് വേണമെന്ന ആവശ്യവുമായി തുടങ്ങിയ പോരാട്ടം, പിന്നീട് ഏകദേശം 30 വര്‍ഷത്തോളം നീണ്ടുനിന്ന വംശീയ യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ പൂര്‍ണ്ണമായ ഒരു സായുധ പോരാട്ടമായി മാറുകയായിരുന്നു. 2009-ല്‍ ശ്രീലങ്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടതോടെയാണ് ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന് വിരമമായത്. എന്നാല്‍ മുല്ലിവൈക്കാല്‍ എന്ന തീരദേശ ഗ്രാമത്തില്‍ നടന്ന ക്രൂരമായ അവസാനത്തെ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്ത പതിനായിരക്കണക്കിന് തമിഴ് സിവിലിയന്മാരെ ഈ ദിനത്തില്‍ അനുസ്മരിക്കുന്നു.
അടുത്തയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നില്ല. എന്നിരുന്നാലും, 2025 സെപ്റ്റംബറില്‍ നാഗപട്ടണം ജില്ലയില്‍ നടത്തിയ പ്രസംഗത്തിലും വിജയ് ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിച്ചിരുന്നു. 'നമ്മുടെ പൊക്കിള്‍ക്കൊടി ബന്ധമുള്ള ഈലം തമിഴര്‍, അവര്‍ ശ്രീലങ്കയിലായാലും ലോകത്ത് എവിടെയായാലും, അമ്മയുടെ വാത്സല്യം കാണിച്ച ഒരു നേതാവിനെ നഷ്ടപ്പെട്ടതിന് ശേഷം കഷ്ടപ്പെടുകയാണ്. 'അവര്‍ക്കായി ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ കടമയാണ്.' വിജയ് പറഞ്ഞിരുന്നു. എല്‍.ടി.ടി.ഇ അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ട വി.സി.കെ വിജയ്‌യുടെ ന്യൂനപക്ഷ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.






