
മാതൃദിനത്തില്‍ അമ്മ സുചിത്ര മോഹന്‍ലാലിന് വൈകാരികമായ ആശംസകള്‍ നേര്‍ന്ന് മകള്‍ വിസ്മയ മോഹന്‍ലാല്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും അനുഗ്രഹവുമാണ് അമ്മയെന്ന് വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുസൃതികാണിക്കുമ്പോഴും അമ്മ നല്കുന്ന നിരുപാധിക സ്നേഹത്തിന് വിസ്മയ നന്ദിയും പറയുന്നുണ്ട്.
‘മാതൃദിനാശംസകള്‍ അമ്മേ! ഇത്രയും നല്ലൊരു അമ്മയായതിന് ഒരുപാട് നന്ദി. ഞാന്‍ പറയുന്നതിനേക്കാള്‍ ഉപരിയായി അമ്മ എനിക്ക് നല്കുന്ന പ്രചോദനം വളരെ വലുതാണ്. അമ്മ എന്നും അമ്മയായി തന്നെ ഇരിക്കുന്നതിനും, ചിലപ്പോഴൊക്കെ ഞാന്‍ കുസൃതി കാണിക്കുമ്പോഴും
(അല്ലെങ്കില്‍ വാശി പിടിക്കുമ്പോഴും)എന്നെ ഇത്രത്തോളം നിരുപാധികമായി സ്നേഹിക്കുന്നതിനും നന്ദി,' വിസ്മയ കുറിച്ചു.
ഞങ്ങൾക്കും അമ്മയെ അറിയുന്ന എല്ലാവർക്കും അമ്മ ഒരു വലിയ അനുഗ്രഹമാണെന്നും തങ്ങളെല്ലാവരും അമ്മയെ അത്രയധികം സ്നേഹിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അമ്മയോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും വിസ്മയ പങ്കുവെച്ചിട്ടുണ്ട്.
താരപുത്രിയുടെ ഹൃദയം തൊടുന്ന ഈ വാക്കുകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മോഹൻലാലിന്റെയും സുചിത്രയുടെയും മകളായ വിസ്മയ, തന്റെ എഴുത്തിലൂടെയും കലയിലൂടെയും ശ്രദ്ധേയയാണ്. അച്ഛന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിസ്മയ. ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ‘തുടക്ക’ ത്തിലൂടെയാണ് വിസ്മയയുടെ സിനിമാ അരങ്ങേറ്റം. തുടക്കത്തിന്റേതായി ഇതുവരെയെത്തിയ ഓരോ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്.






