
തന്റെ മുപ്പത്തിയെട്ടാം ജന്മദിനത്തില് സ്നേഹനിര്‍ഭരമായ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്ന എല്ലാ ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നന്ദി പറഞ്ഞ് ബോളിവുഡ് താരം വിക്കി കൗശല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ കൃതജ്ഞത പ്രകടിപ്പിച്ചത്.
മരങ്ങളാല്‍ ചുറ്റപ്പെട്ട പച്ചപ്പുനിറഞ്ഞ ഒരു തോട്ടത്തില്‍ ഒരുക്കിയ ലളിതമായ പിക്നിക് സെറ്റപ്പിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടയിരുന്നു വിക്കി ആരാധകരോട് നന്ദി പറഞ്ഞത്. ‘ഈ ജന്മദിനം ശരിക്കും വളരെ സവിശേഷമായിരുന്നു. സമാധാനവും സ്നേഹവും നിറഞ്ഞതായിരുന്നു ഇത്. നിങ്ങളുടെ എല്ലാ സ്നേഹത്തിനും ഏറ്റവും മനോഹരമായ സന്ദേശങ്ങള്‍ക്കും നന്ദി. നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു -വിക്കി കൗശലിന്റെ വാക്കുകള്‍.
ഭര്‍ത്താവിന് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ട് കത്രീന കൈഫ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത പ്രണയം തുളുമ്പുന്ന ഈ ജന്മദിനാഘോഷത്തില്, ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു സര്‍പ്രൈസ് കൂടിയുണ്ടായിരുന്നു. തങ്ങളുടെ മകന് വിഹാന്റെ ആദ്യ ദൃശ്യമാണ് കത്രീന ഈ ചിത്രങ്ങളിലൂടെ ലോകത്തിന് മുന്നില്‍ പങ്കുവെച്ചത്.
ചാരനിറത്തിലുള്ള ഹൂഡി ധരിച്ച് അമ്മയുടെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെ തലയുടെ പിന്‍ഭാഗം മാത്രമാണ് ചിത്രത്തിലുള്ളതെങ്കിലും, വിഹാന്റെ ഈ ആദ്യ സോഷ്യല്‍ മീഡിയ എന്‍ട്രി ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. കത്രീനയുടെ ഈ മനോഹര്‍ പോസ്റ്റ് സ്വന്തം അക്കൗണ്ടില്‍ റീപോസ്റ്റ് ചെയ്ത വിക്കി കൗശല്‍ 'അനുഗൃഹീതന്‍' എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയത്.
തങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞുമാലാഖ എത്തിയതിന് ശേഷമുള്ള സന്തോഷം പങ്കുവെക്കുന്നതിനൊപ്പം വിക്കിയെക്കുറിച്ച് രസകരമായ ചില കാര്യങ്ങളും കത്രീന കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ നൂറ് കൂട്ടം ചോദ്യങ്ങള്‍ക്ക് മടുപ്പില്ലാതെ മറുപടി നല്കുന്ന വിക്കി ഇപ്പോള്‍ പുരാണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (, ബിസിനസ്സ്, മേക്കപ്പ് തുടങ്ങിയ സകല മേഖലകളിലും 'വിദഗ്ദ്ധന്' ആയി മാറിയെന്നാണ് കത്രീന തമാശ രൂപേണ പറയുന്നത്. ഒപ്പം 98 ശതമാനം സമയത്തും ഒരു സന്യാസിയുടെ ക്ഷമയോടെ തനിക്ക് കരുത്തായി നില്ക്കുന്ന വിക്കിക്ക് ഒരു ബ്ലാക്ക് കോഫി കുടിക്കാനുള്ള സമയം പോലും തന്റെ ചോദ്യങ്ങള്‍ ബാക്കി വെക്കാറില്ലെന്നും കത്രീന സ്നേഹത്തോടെ കുറിച്ചു.
2019-ല്‍ സോയ അക്തറിന്റെ പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ വിക്കിയും കത്രീനയും പ്രണയത്തിലാവുകയും 2021 ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ച് വിവാഹിതരാവുകയും ചെയ്തു. തുടര്‍ന്ന് 2025 നവംബറിലാണ് ഇവര്‍ക്ക് മകന് വിഹാന് ജനിക്കുന്നത്. നിലവില്‍, ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള വിക്കിയുടെ കുറിപ്പും ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള കത്രീനയുടെ പുതിയ ചിത്രങ്ങളും ബോളിവുഡ് ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്.