
തന്റെ പ്രിയപ്പെട്ട സഹോദരൻ ഇഷാൻ റോഷന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇഷാൻ കൈവരിച്ച നേട്ടങ്ങളെയും തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയായ 'എച്ച്ആർഎക്സ് ഫിലിംസിന്റെ'വളർച്ചയെയും മുൻനിർത്തിയാണ് ഹൃത്വിക് സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
പ്രതിസന്ധികളിൽ നിന്നും വിജയങ്ങളിലേക്കുള്ള ഇഷാന്റെ യാത്രയെയും കഠിനാധ്വാനത്തെയും പ്രകീർത്തിച്ച താരം, ഇഷാന്റെ പുഞ്ചിരിക്കുന്ന ഒരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘എന്റെ സഹോദരന് ജന്മദിനാശംസകൾ. എത്ര മനോഹരമായ ഒരു വർഷമാണ് നീ കീഴടക്കിയത്! കഴിഞ്ഞ 10 വർഷമായി നീ കഠിനാധ്വാനം ചെയ്തതെല്ലാം എത്ര മനോഹരമായാണ് നീ യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ വർഷം ഈ സമയത്ത് ഒന്നിനും ഒരു നിശ്ചയവുമില്ലായിരുന്നു. നിനക്കിത് ചെയ്യാൻ കഴിയുമോ എന്ന് പോലും ആർക്കും അറിയില്ലായിരുന്നു. എന്നാൽ കൃത്യം ഒരു വർഷത്തിന് ശേഷം നിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ സെറ്റിലിരുന്നാണ് നീ ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്. നിനക്കൊരു വലിയ സല്യൂട്ട്, നീ നിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു,’ ഹൃത്വിക് കുറിച്ചു.
നിന്റെ നേതൃത്വത്തിൽ എച്ച്ആർഎക്സ് ഫിലിംസ് ഒരു പുതിയ അധ്യായത്തിലേക്ക് കടന്നിരിക്കുകയാണെന്നും നമുക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇഷാനെ ഒരു 'അസാധ്യ മനുഷ്യൻ' എന്ന് വിശേഷിപ്പിച്ച ഹൃത്വിക്, ഇനിയും വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനും സഹോദരനെ പ്രചോദിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, ഏറെ ജനപ്രീതിയാർജ്ജിച്ച സൂപ്പർഹീറോ ചിത്രമായ 'ക്രിഷ് 4' ലൂടെ ഹൃത്വിക് റോഷൻ തന്റെ ആദ്യ സംവിധാന സംരംഭത്തിന് ഒരുങ്ങുകയാണ്. യാഷ് രാജ് ഫിലിംസും രാകേഷ് റോഷനും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഹൃത്വിക് തന്നെയായിരിക്കും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.
കൂടാതെ, പ്രൊഡ്യൂസർ എന്ന നിലയിൽ ഒടിടി പ്ലാറ്റ്ഫോമിലേക്കും ഹൃത്വിക് ചുവടുവെക്കുന്നുണ്ട്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി മുംബൈ പശ്ചാത്തലമാക്കി ഒരുക്കുന്ന 'സ്റ്റോം' എന്ന ഹൈ-സ്റ്റേക്സ് ത്രില്ലർ ഡ്രാമ പരമ്പരയാണ് ഹൃത്വിക് നിർമ്മിക്കുന്നത്. മലയാളത്തിന്റെ പ്രിയ നടി പാർവ്വതി തിരുവോത്ത് പ്രധാന വേഷത്തിൽ എത്തുന്ന ഈ സീരീസ് അജിത്പാൽ സിംഗ് ആണ് സംവിധാനം ചെയ്യുന്നത്.






