
ന്യൂഡൽഹി: എം.വി ഹോണ്ടിയസ് കപ്പലിൽ പടർന്ന ഹാന്റാ വൈറസ് അണുബാധയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ 'വൈറൽ ഷീൽഡ്' സജ്ജമാക്കി. ആൻഡീസ് ഇനം വൈറസ് രാജ്യത്തിന്റെ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) രാജ്യത്ത് 165 ലാബുകൾ സജ്ജമാക്കി.
സാധാരണയായി ഹന്റാ വൈറസുകൾ എലികളിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരുന്നവയാണ്. എന്നാൽ ആൻഡീസ് വകഭേദത്തിന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ ശേഷിയുണ്ട് എന്നത് ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യ പ്രതിരോധ നടപടികൾ ശക്തമാക്കിയത്.
ആൻഡീസ് വൈറസ് ഇന്ത്യയിൽ പടരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. എലികളുമായുള്ള സമ്പർക്കം ഒഴിവാക്കാനും ശുചിത്വം പാലിക്കാനും നിർദ്ദേശമുണ്ട്. നിലവിൽ ഇന്ത്യയിൽ ആർക്കും ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐസിഎആർ അറിയിച്ചു.
ഹന്റാ വൈറസ് പൾമണറി സിൻഡ്രോം (HPS) എന്ന ഗുരുതരാവസ്ഥയിലേക്ക് രോഗി എത്തുന്നതിന് മുമ്പ് തന്നെ വൈറസിനെ കണ്ടെത്താൻ സവിശേഷമായ ആർ.ടി-പി.സി.ആർ പ്രോട്ടോക്കോൾ ഐസിഎംആർ തയ്യാറാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ട് ആദ്യത്തെ അഞ്ച് ദിവസത്തിനുള്ളിൽ രക്തപരിശോധനയിലൂടെ ഇത് കണ്ടെത്താനാകും.
ഡെങ്കിപ്പനി, ഇൻഫ്ലുവൻസ തുടങ്ങിയ സാധാരണ രോഗങ്ങളുമായി ഇതിന്റെ ലക്ഷണങ്ങൾക്ക് സാമ്യമുള്ളതിനാൽ, മറ്റ് വൈറസുകളെ ഒഴിവാക്കി ഹന്റാ വൈറസിനെ മാത്രം തിരിച്ചറിയാനുള്ള 'ഡിഫറൻഷ്യൽ ഡയഗ്നോസിസ്' രീതിയാണ് ലാബുകൾ പിന്തുടരുന്നത്.
നേരത്തെ പരിശോധനകൾക്കായി വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ, ഇപ്പോൾ 165 ലാബുകൾ സജ്ജമാക്കിയതിലൂടെ സ്വയംപര്യാപ്തത കൈവരിച്ചിരിക്കുകയാണ്. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിൽ 'എം.വി ഹോണ്ടിയസ്' എന്ന ലക്ഷ്വറി കപ്പലിൽ ആൻഡീസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇന്ത്യ അതീവ ജാഗ്രതയിലാണ്. സ്പെയിനിലെ ഇന്ത്യൻ എംബസി നൽകുന്ന വിവരമനുസരിച്ച്, കപ്പലിൽ രണ്ട് ഇന്ത്യക്കാരെയും ക്വാറന്റൈനായി നെതർലാൻഡിലേക്ക് മാറ്റിയിട്ടുണ്ട്.






