
ഒന്റാരിയോ: അമിതവേഗതയിലെത്തി ഉണ്ടായ അപകടത്തില്‍ കാറിലിടിച്ച ബൈക്ക് പോയിരുന്നത് ട്രാഫിക്ക് ലൈറ്റ് പോസ്റ്റില്‍. തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു അസാധാരണ വേഗത്തില്‍ എത്തിയ സ്പോര്‍ട്സ്ബൈക്ക്. ബൈക്ക് കാറിലിടിച്ച് തെറിച്ചുയരുകയും ട്രാഫിക് ലൈറ്റില്‍ കുരുങ്ങി തൂങ്ങിക്കിടക്കുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്്.
കാനഡയിലെ ഒരു തിരക്കേറിയ ജംഗ്ഷനിലാണ് സിനിമയെ വെല്ലുന്ന ഈ അപകടം നടന്നത്. ഒരു സില്‍വര്‍ ബിഎംഡബ്ല്യു കാറും മോട്ടോര്‍സൈക്കിളും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിലിടിച്ച ആഘാതത്തില്‍ വായുവിലേക്ക് തെറിച്ചുയര്‍ന്ന ബൈക്ക്, റോഡിന് മുകളിലെ ട്രാഫിക് സിഗ്നല്‍ ലൈറ്റില്‍ കൊളുത്തി തൂങ്ങിക്കിടന്നു. ബൈക്ക് ഓടിച്ചിരുന്നയാളിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാര്‍ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ ഞെട്ടലോടെയാണ് പ്രതികരിച്ചത്. ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടില്ലെന്നും ഒരു സിനിമ കാണുന്നത് പോലെ തോന്നിയെന്നും ആദ്യം ഞാന്‍ തകര്‍ന്ന കാറാണ് ശ്രദ്ധിച്ചത്, പെട്ടെന്ന് മുകളിലേക്ക് നോക്കിയപ്പോഴാണ് ബൈക്ക് അവിടെ തൂങ്ങിക്കിടക്കുന്നത് കണ്ടതെന്നും ഒരാള്‍ പറഞ്ഞു. ബൈക്ക് തെറിച്ച് സൈഡ്വാക്കിലേക്കോ കടകളിലേക്കോ വീഴുന്നതിന് പകരം കൃത്യമായി ട്രാഫിക് ലൈറ്റില്‍ പോയി കുരുങ്ങിയത് അത്ഭുതകരമാണെന്നാണ് മറ്റൊരു ദൃക്സാക്ഷിയായ ജെവോണ്‍ റയാന് അഭിപ്രായപ്പെട്ടത്.
റോഡില്‍ ചിതറിക്കിടന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അഗ്നിശമന സേനാംഗങ്ങള്‍ ഏറെ പരിശ്രമിച്ചാണ് ട്രാഫിക് ലൈറ്റില്‍ നിന്ന് ബൈക്ക് താഴെയിറക്കിയത്. ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുകയാണ്.






