
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ നടി തൃഷ കൃഷ്ണുയും പങ്കെടുത്തിരുന്നു. ചടങ്ങില്‍ നിന്നുള്ള വീഡിയോകളില്‍ നടി അതീവ സന്തോഷത്തില്‍ ഏല്ലാവരോടും ഇടപഴകുന്നത് കാണാം. വിജയുടെ മാതാപിതാക്കളെ തൃഷ കൃഷ്ണന്‍ സ്വാഗതം ചെയ്യുന്നതും നടന്റെ അമ്മ ശോഭ ചന്ദ്രശേഖറിനെ ഊഷ്മളമായി കെട്ടിപ്പിടിക്കുന്നതും കാണാം.
കഴിഞ്ഞ കുറച്ചു മാസങ്ങളായി തൃഷയും വിജയ്യും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏപ്രില്‍ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം, വിജയ് നായകനായ 'ഗില്ലി' സിനിമയിലെ 'അര്‍ജുനര്‍ വില്ല്' എന്ന പാട്ടിനൊപ്പമാണ് തൃഷ തന്റെ ചിത്രം പങ്കുവെച്ചത്. ഇത് വിജയ്ക്കുള്ള പിന്തുണയാണെന്ന് അന്ന് തന്നെ ആരാധകര്‍ കണ്ടെത്തിയിരുന്നു. കൂടാതെ തൃഷയുടെ ജന്മദിനമായ മേയ് 4-നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നത്. അന്ന് വിജയത്തിന്റെ ആവേശത്തിലായിരുന്ന വിജയ്യുടെ വസതിയില്‍ തൃഷ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ വിജയ്യുടെ സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം തൃഷ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. 'സ്‌നേഹം എന്നും ഉച്ചത്തില്‍ മുഴങ്ങും' എന്ന വാചകത്തോടെ തന്റെ ചിത്രങ്ങളാണ് തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേസ്റ്റല്‍ നീല നിറത്തിലുള്ള സാരിയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തൃഷ തിരഞ്ഞെടുത്തത്.
2004-ല്‍ ധരണി സംവിധാനം ചെയ്ത 'ഗില്ലി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെയാണ് വിജയ്‌യും തൃഷയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം വന്‍ വാണിജ്യ വിജയമായി മാറി. തുടര്‍ന്ന് തിരുപ്പാച്ചി (2005), ആദി (2006), കുരുവി (2008), ലിയോ (2023) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു.






