
സ്കൂളിൽ നിന്ന് ലാപ്ടോപ്പും ക്യാമറകളും മോഷ്ടിച്ച് കടന്ന പ്രതിയെ പാറശാല പൊലീസ് പിടികുടി. ഷൈജു (30) എന്ന പ്രതിയാണ്
അറസ്റ്റിലായത്. പാറശാല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ മാസം 20-നാണ് മോഷണം നടന്നത്. ഓഫീസ് കുത്തിത്തുറന്ന് അഞ്ച് ലാപ്ടോപ്, രണ്ട് ഡിജിറ്റൽ കാമറ, ഒരു വെബ്കാമറ എന്നിവയാണ് അപഹരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. ഇതിനിടെ മോഷണം നടത്തിയ രണ്ട് ലാപ്ടോപ് ഒരാഴ്ചക്കുമുമ്പ് സ്കൂൾ വളപ്പിലെ നിർമാണം നടക്കുന്ന മന്ദിരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തി.
പിടിക്കപ്പെടുമെന്നായതോടെ ഇയാൾ ഉപേക്ഷിച്ചതായിരുന്നു ഇത്. പിന്നാലെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. 2023ൽ രാത്രികാലങ്ങളിൽ വീടുകളിൽനിന്ന് ഹെൽമറ്റുകൾ അപഹരിച്ചുകൊണ്ടാണ് ഇയാൾ മോഷണം ആരംഭിച്ചത്.






