
ന്യൂഡൽഹി: കേരളമുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ സമയമായില്ല. വിഷയത്തിൽ വിശാല ചർച്ചയുമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ടു പോകുന്നു. കൂടിക്കാഴ്ചയ്ക്കായി കെപിസിസിയുടെ മുൻ അധ്യക്ഷൻമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇത് എന്ന് അറിയുന്നു.
കെ. മുരളീധരൻ, കെ.സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കളെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ 10.30 ഓടെ കൂടിക്കാഴ്ചകൾ ആരംഭിക്കും. അങ്ങനെയെങ്കിൽ മുൻപ് കരുതിയിരുന്നതു പോലെ നാളെ വൈകിട്ടും മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാവാനുള്ള സാധ്യത മങ്ങുകയാണ്.
നിലവിൽ കൂടുതൽ സാധ്യതകൽപ്പിക്കുന്നത് കെ.സി വേണുഗോപാലിനാണ്. നിലവിൽ 50 ഓളം എംഎൽഎമാർ കെസിക്ക് പിന്തുണ നൽകുമെന്ന് കരുതുന്നു. എംപിമാരുടെയും പിന്തുണ കെസിക്ക് ആണ്. അതേസമയം പൊതുവികാരവും ഘടകകക്ഷികളുടെ പിന്തുണയും വിഡി സതീശനാണ്. കർണാടകയിലെയും തെലങ്കാനയിലെയും മാതൃക പിന്തുടരാനാണ് ഹൈക്കമാൻഡ് തീരുമാനമെങ്കിൽ കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ള കെസിക്ക് തന്നെയായിരിക്കും സാധ്യത.
ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തിയപ്പോൾ പാർട്ടി നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. രാഹുൽഗാന്ധിയുടെ നിർദേശപ്രകാരമാണ് വീണ്ടും കൂടിയാലോചന നടക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്തിനു തർക്കമുന്നയിക്കുന്ന മൂന്ന് നേതാക്കളുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനം ആയിട്ടുണ്ട് എങ്കിൽ അതിന് സാർവത്രിക അംഗീകാരം നേടാനായിരിക്കും ഹൈക്കമാൻഡിന്റെ ശ്രമം.
ഹൈക്കമാൻഡ് തീരുമാനം ഏകപക്ഷീയമല്ല എന്ന് ഉറപ്പിക്കാനും പാർട്ടിക്കുള്ളിലെ വിമർശനം ഇല്ലാതാക്കാനുമാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഹൈക്കമാൻഡ് എന്തു തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞുകഴിഞ്ഞു.






