
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്നത് കള്ളപ്രചരണമെന്ന് വിമര്‍ശിച്ച് മുന്‍മന്ത്രി എം.ബി. രാജേഷ്. നികുതി ഇളവ് നല്‍കിയ നടപടി പുറത്തായപ്പോള്‍ മുഖ്യമന്ത്രി അസത്യ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ പോലും അറിയാതെ, അതീവ രഹസ്യമായും ശരവേഗത്തിലുമാണ് ഈ ഫയല്‍ നീക്കം നടപ്പിലാക്കിയത്. പ്രതിപക്ഷം വിഷയത്തില്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ യു.ഡി.എഫില്‍ പോലും ഈ മദ്യനയം ചര്‍ച്ചയാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാദ ഫയല്‍ 24 ദിവസത്തോളം മുഖ്യമന്ത്രി തന്റെ പക്കല്‍ വെച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ നിലവാരം നിലവില്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികളുടേതിന് തുല്യമായി മാറിയെന്നും രാജേഷ് പരിഹസിച്ചു. എല്‍.ഡി.എഫ് ഭരണകാലത്ത് ബാറുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിപ്പിച്ചുവെന്ന 'വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി' പ്രചാരണമാണ് മുഖ്യമന്ത്രി ഏറ്റുപിടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണം ഒഴിയുമ്പോള്‍ സംസ്ഥാനത്ത് 813 ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ആകെ പ്രവര്‍ത്തിക്കുന്നത് 896 ബാര്‍ ഹോട്ടലുകളാണ്. ഉമ്മന്‍ചാണ്ടിയുടെ മദ്യനയമാണ് ശരിയെന്ന് വാദിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നിലവിലുള്ള ബാറുകള്‍ വീണ്ടും അടച്ചുപൂട്ടാന്‍ തയ്യാറാണോയെന്ന് രാജേഷ് വെല്ലുവിളിച്ചു.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ, എല്‍.ഡി.എഫ് സംസ്ഥാനത്ത് മദ്യം ഒഴുക്കിയെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് മദ്യമൊഴുക്ക് ഉണ്ടായതെന്നും, യു.ഡി.എഫിനെ സംബന്ധിച്ച് മദ്യം എക്കാലത്തും ഒരു 'കറവപ്പശു' മാത്രമാണെന്നും ആരോപിച്ചു. ജനങ്ങള്‍ക്ക് മുന്നില്‍ എല്‍.ഡി.എഫ് അവതരിപ്പിച്ച മദ്യനയത്തില്‍ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്നും പറഞ്ഞു.






