
തിരുവനന്തപുരം: ആഗോള വിപണിയിലെ വിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 2,000 രൂപ കുറഞ്ഞതോടെ വില 1,02,760 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പവനോടൊപ്പം ഗ്രാമിന്റെ വിലയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 12,845 രൂപയാണ്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. അന്ന് പവന് 200 രൂപ കുറഞ്ഞ് വില 1,04,760 രൂപയിലെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും 2,000 രൂപയുടെ വലിയ ഇടിവ് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഉൾപ്പെടെയുള്ള ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് രാജ്യാന്തര സ്വർണവിപണിയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിലും സ്വർണവിലയിലെ ചാഞ്ചാട്ടം അടുത്ത ദിവസങ്ങളിലും തുടരാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് നിലവിലെ വിലക്കുറവ് അനുകൂല അവസരമായി മാറിയിരിക്കുകയാണ്.






