
കോട്ടയം: വീണയ്ക്ക് എതിരേ ഇ.ഡി.യുടെ കയ്യില്‍ വേണ്ടത്ര തെളിവുകള്‍ ഉണ്ടെന്നും അന്വേഷണം പിണറായിയിലേക്ക് എത്തുമെന്നും ബിജെപി ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. എസ്എഫ്‌ഐഒ യുടെ അന്വേഷണത്തില്‍ വളരെ കൃത്യമായി വീണചെയ്ത കുറ്റം എന്താണെന്ന് രേഖകള്‍ സഹിതം കുറ്റപത്രത്തില്‍ ഉണ്ട്.
ആ രേഖകള്‍ പ്രകാരം വീണയ്ക്ക് എതിരേ കേസെടുക്കാന്‍ ഇ.ഡി.യ്ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നാണ് വിശ്വാസം. എന്‍ഫോഴ്‌സ്‌മെന്റിന്റെ കയ്യിലും ഈ വിഷയത്തില്‍ കള്ളപ്പണ ഇടപാട് നടന്നതായി രേഖകളുണ്ട്. ഇ.ഡി. അന്വേഷണം തുടര്‍ന്ന് പിണറായി വിജയനിലേക്കും എത്തുമെന്നാണ് താന്‍ കരുതുന്നത്.
സിഎംആര്‍എല്‍ - എക്‌സാലോജിക് കേസിന്റെ പരിധിയിലേക്ക് കുടുതല്‍ പേര്‍ എത്താനുള്ള സാധ്യതയുണ്ടെന്നും പിണറായി ഉള്‍പ്പെടെ കേസില്‍ പ്രതിയായി വരുമെന്നാണ് വിശ്വാസം. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വീണ കൈപ്പറ്റിയ തുക, വീണയുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തി എന്നിവയുടെ വിവരങ്ങള്‍ ഉണ്ട്. ആ പ്രമുഖ വ്യക്തിയെക്കുറിച്ച് രേഖകള്‍ വെച്ച് മാധ്യമങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തതാണ്.
ആ പ്രമുഖ വ്യക്തി ആരാണെന്നും അയാള്‍ക്ക് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയിട്ടുള്ളതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ തന്നെ വ്യക്തമാണ്. അതുകൊണ്ട് തന്നെ അന്വേഷണം പിണറായിയിലേക്ക് എത്തുമെന്ന് ഉറപ്പാണെന്നും ഏഷ്യാനെറ്റിന്റെ അഭിമുഖത്തില്‍ വ്യക്തമാക്കി.






