
വാടാനപ്പള്ളി: മുഖ്യമന്ത്രി തർക്കത്തിൽ പരിഹാരം കാണണമെങ്കിൽ കേരളത്തിലെ ഫ്ലക്സ് യുദ്ധവും സോഷ്യൽ മീഡിയ യുദ്ധവും നിർത്തണമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്. നിർദേശം വന്ന അന്ന് രാത്രി തന്നെ ഫ്ലക്സുകൾ നിക്കംചെയ്യാൻ പാർട്ടി നേതാക്കൾ അണികളോട് പറയുകയും ചെയ്തു. എന്നാൽ, സിപിഎം അത് സമ്മതിക്കില്ല. അവർ കോൺഗ്രസിനായി ഫ്ലക്സ് വയ്ക്കും എന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം വ്യക്തമാക്കുന്നത്.
തൃശൂർ വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിന് കഴിഞ്ഞ ദിവസം രാത്രി ഫ്ലക്സ് വച്ച് ‘സഹായിച്ചത്’ സിപിഎം നേതാവ് മുഹമ്മദ് അരവശേരി. അടുത്ത മൊബൈൽ കടയിലെ സിസി ടിവി പ്രവർത്തിക്കുന്നില്ല എന്ന ധാരണയിലായിരുന്നു അരവശേരി ഫ്ലക്സ് വച്ചത്. ഇത് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പറയുകയും ചെയ്തു.
സംഭവം കോൺഗ്രസ് ഏറ്റെടുത്തതോടെ മാധ്യമങ്ങൾ അരവശേരിയുടെ പിന്നാലെയായി. അവസാനം, കെസിയോടുള്ള ഇഷ്ടം കൊണ്ടാണ് ഫ്ലക്സ് വച്ചതെന്നും കോൺഗ്രസുകാർ നമ്മുടെ സഹോദരന്മാരല്ലേ എന്നും പറഞ്ഞൊഴിയേണ്ട ഗതികേടിലായിരുന്നു സിപിഎം നേതാവ്.






