പൂച്ചാക്കല്‍ (ആലപ്പുഴ): മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വയോധികനെ സമീപവാസിയും കുടുംബാംഗങ്ങളും ചേര്‍ന്നു തെങ്ങില്‍ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്‌റ്റില്‍. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തൃച്ചാറ്റുകുളം ശംലാ മന്‍സിലില്‍ സത്താര്‍ (43), മകന്‍ ഷഹബാസ്(19)എന്നിവരെയാണ് പൂച്ചാക്കല്‍ പോലീസ് അറസ്‌റ്റ് ചെയതത്. പാണാവള്ളി പഞ്ചായത്ത് കുഴിപ്പറമ്പത്ത് നികര്‍ത്ത് വിജയനാ(64) ണ് ആക്രമണത്തിനിരയായത്. തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും മര്‍ദനമേറ്റു. ഉടുമുണ്ടുരിഞ്ഞും തെങ്ങില്‍ കെട്ടിയിട്ടുമാണ് കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. മൂക്കിന്റെ അസ്‌ഥിപൊട്ടിയത് ഉള്‍പ്പെടെ വിജയനു ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ സമീപവാസി സത്താറും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ പൂച്ചാക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിജയനെ നേരത്തെ ആക്രമിച്ച കേസ് കോടതിയിലുണ്ട് . ഇതിന്റെ വിരോധത്തിലാണ് കഴിഞ്ഞ ഏഴിനു രാത്രി വീട്ടുമുറ്റത്തുനിന്നു വിജയനെ വലിച്ചിഴച്ച് എത്തിച്ച് ക്രൂരമായി ആക്രമിച്ചതെന്ന് പൂച്ചാക്കല്‍ പോലീസ് പറഞ്ഞു.






